
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന തീരദേശത്തെ ജനങ്ങൾക്കൊപ്പം ചെലവിടാനാണ് തീരുമാനം. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ ജനം സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ്. ആ പൊതുബോധത്തെ ദുർബലപ്പെടുന്ന സമീപനം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്നുണ്ടാവുന്നത് ഖേദകരമാണ്. മുൻകരുതലുകളോടെയാണ് ചടങ്ങ് നടത്തുന്നത് എന്ന വാദം നിലനിൽക്കുന്നതല്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മുൻകരുതലുകളെടുക്കാൻ ജനം തയാറാണെങ്കിലും അത് അനുവദിക്കുന്നില്ലല്ലോ. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത അഞ്ചുവർഷം കേരളത്തിന് നൽകാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.