തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരിൽ പലരും മഴ ശമിച്ചതോടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയിലെ 17 ക്യാമ്പുകളിലായി നിലവിൽ 1210 പേരുണ്ട്. തിരുവനന്തപുരം താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 9 ക്യാമ്പുകളിലായി 147 കുടുംബങ്ങളിലെ 542 പേർ കഴിയുന്നുണ്ട്.

മണക്കാട് വില്ലേജിലെ കാലടി ജി.എച്ച്.എസ്, കരിമഠം കമ്മ്യൂണിറ്റി ഹാൾ, കഠിനംകുളം വില്ലേജിലെ എ.ജെ. കോംപ്ലക്‌സ്, പേട്ട വില്ലേജിലെ ചാക്ക ഗവ.യു.പി.എസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പുകൾ ഇന്നലെ അവസാനിപ്പിച്ചു. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ആറു ക്യാമ്പുകളിൽ 146 കുടുംബങ്ങളിലെ 598 പേരുണ്ട്. ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിക്കുന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 27 കുടുംബങ്ങളിലെ 70 അംഗങ്ങളുമുണ്ട്.