കോവളം: ബീച്ചിലെത്തിയ രണ്ട് വിദേശ വനിതകളുടെ ബാഗ് യുവാവ് തട്ടിക്കൊണ്ടു പോയതായി പരാതി. ജർമ്മൻ, യു.കെ സ്വദേശികളിൽ നിന്നാണ് ബാഗ് തട്ടിയത്. കഴിഞ്ഞ ദിവസം രാവിലെ ലൈറ്റ് ഹൗസ് ബീച്ചിൽ വിദേശവനിതകൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടയിലാണ് സംഭവം. ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് മൊബൈൽ ഫോൺ, അയ്യായിരം രൂപ, മറ്റ് രേഖകൾ എന്നിവ നഷ്ടപ്പെട്ടതായി വിദേശികൾ കോവളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ബാഗ് തട്ടിയ യുവാവ് ഹാർബർ ഭാഗത്തേക്ക് ഓടി പോകുന്ന ദൃശ്യങ്ങൾ വിവിധ ഹോട്ടലുകളിലെ സി.സി ടി.വി കാമറകളിൽ നിന്ന് ലഭിച്ചതായും കോവളം പൊലീസ് പറഞ്ഞു.