തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട ഉത്തരവുകൾ മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യവിജ്ഞാനമേഖലയിൽ മലയാളപദങ്ങൾ ആവിഷ്‌കരിച്ച നടപടിയെ ഐക്യമലയാളപ്രസ്ഥാനം അഭിനന്ദിച്ചു.

ആരോഗ്യവിജ്ഞാന മേഖലയിലെ കടുകട്ടിയായ വാക്കുകളെ സാധാരണ ജനങ്ങൾക്കു മനസിലാകുന്ന രീതിയിൽ ലളിതമായും ഉചിതമായും മലയാളീകരിക്കാൻ ഔദ്യോഗിക ഭാഷാവകുപ്പിന് സാധിച്ചു.
2017 മേയ് ഒന്നിന് മാതൃഭാഷ ഭരണഭാഷ എന്ന ഔദ്യോഗിക ഭരണഭാഷാ പ്രഖ്യാപനം നിലവിൽ വന്നുവെങ്കിലും പല സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ആ നിയമപരമായ ഉത്തരവാദിത്വം മറക്കുകയോ മറികടക്കുകയോ ചെയ്യുന്നുണ്ട്. പുതിയ സർക്കാർ മാതൃഭാഷാ പരിപോഷണത്തിനായുള്ള നടപടികൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഐക്യമലയാള പ്രസ്ഥാനം കൺവീനർ ആർ. നന്ദകുമാർ അറിയിച്ചു.