തിരുവനന്തപുരം: കോൺഗ്രസ് വിട്ടുവന്ന പി.സി. ചാക്കോയെ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാറാണ് തീരുമാനമെടുത്തത്. കഴിഞ്ഞദിവസം പാർട്ടിയുടെ മന്ത്രിയെ നിശ്ചയിക്കാൻ ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ പറ്റി ധാരണയായത്. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് ദേശീയ നേതൃത്വത്തിലായിരുന്ന ടി.പി. പീതാംബരനെ വീണ്ടും സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിച്ചത്. തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ മാണി സി. കാപ്പന്റെ നിലപാടിനോട് മൗനം പാലിച്ചതും കുട്ടനാട്ട് ജയിച്ച തോമസ് കെ. തോമസിന് മന്ത്രിസ്ഥാനത്തിനായി നിലപാടെടുത്തതും കാരണം പീതാംബരനെതിരെ പാർട്ടിയിൽ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ പ്രശ്നത്തിലാണ് പി.സി. ചാക്കോ കോൺഗ്രസ് വിട്ടത്. നേരത്തേ ശരദ്പവാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് (എസ്) ലായിരുന്ന ചാക്കോ രണ്ട് മാസം മുമ്പാണ് കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തിയത്. ഇപ്പോൾ സംസ്ഥാന പ്രസിഡന്റുമായി.