തിരുവനന്തപുരം: ടൗക് തേ ചുഴലിക്കാറ്റിനെത്തുടർന്നുള്ള കടൽക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങിൽ നിന്ന് സന്ദർശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും വൈദികരുമായും സംസാരിച്ചു. പള്ളിത്തുറ, വേളി, വെട്ടുകാട്, ശംഖുംമുഖം, പൂന്തുറ, വെള്ളാർ, പൊഴിയൂർ തുടങ്ങിയ മേഖലകളിൽ സന്ദർശനം നടത്തി. കടലാക്രമണത്തിൽ വീടുനഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായ കുടുംബങ്ങളെയും കേന്ദ്രമന്ത്രി കണ്ടു.
തീരവാസികളുടെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെയും കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽകൊണ്ടുവരുമെന്ന് വി. മുരളീധരൻ ഉറപ്പ് നൽകി.
ഓഖി ദുരന്തത്തെത്തുടർന്ന് തീരവാസികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ഉറപ്പിന്റെ ഫലമായാണ് കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പ് രൂപീകരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഫാ. ജസ്റ്റിൻ ജൂഡ്, ഫാ. ബിനു അലക്‌സ്, ഫാ. ലെനിൻ ഫെർണാണ്ടസ്, ഫാ. യേശുദാസ്, ഫാ. അജിത് ആന്റണി, ഫാ. ജോർജ് ഗോമസ് , ഫാ. ജെറാൾഡ് തുടങ്ങി വിവിധ ഇടവകകളിലെ വൈദികരും ധീവരസഭാ നേതാക്കളും പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ കേന്ദ്രമന്ത്രിയെ അറിയിച്ചു.