തിരുവനന്തപുരം: റോഡുകളിൽ ജനം കുറവായതിനാൽ ട്രിപ്പിൽ ലോക്ക് ഡൗണിൽ ഇന്നലെയും പരിശോധനയ്ക്ക് അല്പം അയവ് നൽകി പൊലീസ്. ഇന്നലെ കടകൾ തുറക്കുന്ന ദിവസമായിരുന്നെങ്കിലും പൊതുവേ ജനത്തിരക്ക് കുറവായിരുന്നു. നഗരത്തിൽ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഇടപെട്ടു.
മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളിലെ പാഴ്സൽ സർവീസുകളും ഇന്നലെയും പ്രവർത്തിച്ചു. ആൾക്കാർ അനാവശ്യമായി പുറത്തിറങ്ങാതിരുന്നതും മഴയും കാരണം പൊലീസിന് വിശ്രമിക്കാനും സമയം കിട്ടി. അതിർത്തി വഴിയുള്ള യാത്രയ്‌ക്കുള്ള കർശന നിയന്ത്രണങ്ങൾ തുടർന്നു. കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ കളക്ടർ നവ്‌ജ്യോത് ഖോസ വീഡിയോ കോൺഫറൻസ് വഴി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. നഗരത്തിൽ ഡി.സി.പിയുടെ നേതൃത്വത്തിലും ഗ്രാമ പ്രദേശങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലും പരിശോധന നടത്തി.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസ്
ജില്ലയിൽ ഇന്നലെ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘനത്തിന് 407 കേസുകൾ രജിസ്റ്റർ ചെയ്‌തു. നഗരപരിധിയിൽ 260, ഗ്രാമ പരിധിയിൽ 147 കേസുകളുമാണ് രജിസ്റ്റർ ചെയ്‌തത്. 169 വാഹനങ്ങൾ ഇന്നലെ പിടിച്ചെടുത്തു. 95 പേരെ അറസ്റ്റുചെയ്‌തു.