മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് , തുണിക്കടകളിൽ ഒാൺലൈൻ, ഹോം ഡെലിവറി
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ,മറ്റ് ജില്ലകളിൽ ലോക്ക് ഡൗണും ഏർപ്പെടുത്തിയുള്ള കൊവിഡ് നിയന്ത്രണത്തിന് ഫലം കണ്ടുതുടങ്ങിയെന്നും,എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്ക് ഡൗൺ മൂലം പാൽ കർഷകർ നേരിടുന്ന പ്രശ്നം സർക്കാർ തലത്തിൽ പരിഹരിക്കാനും തുണിക്കടകളിൽ ഒാൺലൈൻ, ഹോം ഡെലിവറി കച്ചവടത്തിനും അനുമതി നൽകുന്നത് പരിഗണിക്കും. മഴയും ലോക്ക് ഡൗണും മൂലം വിഷമം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും.ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നു. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടെങ്കിലേ ലോക്ക്ഡൗണിൽ ഇളവ് ആലോചിക്കാനാവൂ.
സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും കണക്കെടുത്താൽ രോഗവ്യാപനം ഗണ്യമായി കുറയുന്നു. ഏപ്രിൽ 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആർ 15.5 ശതമാനം. 28 മുതൽ മേയ് നാലു വരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആർ 25.79. ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകൾ 2,33,301. ആഴ്ചയിലെ ടിപിആർ 26.44 ശതമാനം. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നു ദിവസമായി 24.5 ശതമാനമാണ്. ഇന്ന് ശരാശരി 23.29 ആയിട്ടുണ്ട്.
കൊവിഡ് ചികിത്സാ സൗകര്യത്തിന് നിലവിൽ പരിമിതിയില്ല. സർക്കാർ ,സ്വകാര്യ സംവിധാനങ്ങളിലായി 2567ഐ.സി.യുകളും 1510 വെന്റിലേറ്ററുകളും 29655 കിടക്കകളും ലഭ്യമാണ്. 104.2മെട്രിക് ടൺ ഒാക്സിജനും അധികമായി കരുതലുണ്ട്. ഇതിനെല്ലാം പുറമെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയനുസരിച്ച് 232 സ്വകാര്യ ആശുപത്രികളിലായി 18,540 കിടക്കകൾ, 1804 ഐസിയു കിടക്കകൾ, 954 വെന്റിലേറ്ററുകൾ, 5075 ഓക്സിജൻ കിടക്കകൾ എന്നിവ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.