തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിച്ചതിലും വകുപ്പുകൾ തീരുമാനിച്ചതിലും മെറിറ്റും കഴിവും മാത്രമാണ് മാനദണ്ഡമാക്കിയതെന്ന് സി.പി.എം നിലപാട്. മറിച്ചുള്ള ആക്ഷേപങ്ങൾ അവഗണിക്കാനാണ് സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിലും അല്ലാതെയുമുള്ള സംഘാടകമികവ് വിലയിരുത്തിയാണ് പി.എ. മുഹമ്മദ് റിയാസിനെ പരിഗണിച്ചതെന്ന് പാർട്ടി നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ, ആ മികവിനെ ഇല്ലാതാക്കുന്ന വിധത്തിലാണ് ആക്ഷേപപ്രചരണങ്ങൾ. മുഖ്യമന്ത്രിയുടെ മരുമകനായതൊക്കെ പിന്നീടാണ്. അതിനും വളരെ മുമ്പേ ഡി.വൈ.എഫ്.ഐ നേതാവായും തിരഞ്ഞെടുപ്പിൽ മത്സരിച്ചുമൊക്കെ റിയാസ് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവിൽ പാർട്ടി വിശ്വാസമർപ്പിക്കുന്നതിനു തെളിവാണ് സുപ്രധാന വകുപ്പുകളുടെ ചുമതല.സി.പി.എം ഏറ്റവും സുപ്രധാനമായി കാണുന്ന വകുപ്പായതിനാലാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിസഭയിൽ രണ്ടാമനായി കണക്കാക്കുന്ന എം.വി. ഗോവിന്ദനെ ഏല്പിക്കുന്നത്. ആക്ഷേപങ്ങൾക്ക് വഴിയൊരുക്കാതെ സത്യസന്ധമായി കൈകാര്യം ചെയ്യാൻ ശേഷിയുള്ള നേതാവെന്ന വിശ്വാസമാണ് അദ്ദേഹത്തെ എക്സൈസും ഏല്പിച്ചതിനു പിന്നിൽ.
എം.എൽ.എ എന്ന നിലയിൽ നേടിയ ജനകീയ പരിവേഷവും കാര്യങ്ങൾ ഉൾക്കൊണ്ട് കൈകാര്യം ചെയ്യാനുള്ള മിടുക്കും പരിഗണിച്ചാണ് കൊവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ആരോഗ്യവകുപ്പ്, വീണാ ജോർജിനെ എല്പിക്കാൻ പാർട്ടി തീരുമാനിച്ചത്. മികച്ച പാർലമെന്റേറിയനും സത്യസന്ധനുമായ നേതാവെന്ന പ്രതിച്ഛായയുള്ള കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകുന്നതിലൂടെ ദീർഘവർഷങ്ങൾക്കു ശേഷം പട്ടികജാതിയിൽപ്പെട്ട ഒരാൾക്ക് ആ വകുപ്പ് നൽകാനായി.
പൊതുവിദ്യാഭ്യാസം ഏല്പിക്കുക വഴി വി. ശിവൻകുട്ടിയിലും പാർട്ടി വിശ്വാസമർപ്പിക്കുകയാണ്. മികവുറ്റ സംഘാടകനെന്ന നിലയിലെ ശിവൻകുട്ടിയുടെ മികവ് സി.പി.എം ഉൾക്കൊള്ളുന്നു. കൊവിഡ് പ്രതിസന്ധി കാലത്ത് ആരോഗ്യരംഗത്ത് നേടിയെടുത്ത മികവ് കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്നാണ് സി.പി.എം വിലയിരുത്തൽ. എന്നാൽ, ആരോഗ്യ, വനിതാശാക്തീകരണ, സാമൂഹ്യനീതി വകുപ്പുകളിൽ തുടക്കത്തിൽ കെ.കെ. ശൈലജയ്ക്ക് പാളിച്ചകളുണ്ടായിട്ടുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.
സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളെയും സ്ഥാനാർത്ഥിനിർണയ വേള തൊട്ട് പടിപടിയായി മാറ്റുമ്പോൾ ഒരാൾക്കു മാത്രമായി പരിഗണന നൽകുന്നത് മറ്റു തരത്തിൽ അസ്വസ്ഥതകളുണർത്തുമെന്നും പാർട്ടി കണക്കുകൂട്ടി. അതാണ് ശൈലജയെ അടക്കം എല്ലാവരെയും മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഭരണമികവ് പ്രകടമാക്കിയിട്ടും ജി. സുധാകരനെയടക്കം സ്ഥാനാർത്ഥിനിർണയ വേളയിൽ ഒഴിവാക്കിയില്ലേയെന്ന ന്യായവും സി.പി.എം കേന്ദ്രങ്ങളുയർത്തുന്നു.