മുക്കം: സംസ്ഥാന വൈദുതി ബോർഡിന്റെ ഉറുമി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം തുടങ്ങി. തുടർച്ചയായി പെയ്ത അതിതീവ്ര മഴ പദ്ധതിക്ക് അനുഗ്രഹമാവുകയായിരുന്നു. പദ്ധതി പ്രവർത്തനമാരംഭിച്ച ശേഷം മെയ് മാസത്തിൽ ഉത്പാദനം നടത്തുന്നത് ഇതാദ്യമാണ്. 18 വർഷം മുമ്പാണ് മലയോരത്ത് ഊർജ വിപ്ലവത്തിന് നാന്ദി കുറിച്ച് ഉറുമി ജലവൈദ്യത പദ്ധതികൾ ആരംഭിച്ചത്. ചൈനീസ് സങ്കേതിക സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ഉറുമി ഒന്നാം ഘട്ടത്തിൽ 3.75 മെഗാവാട്ടും ഉറുമി രണ്ടാം ഘട്ടത്തിൽ 2.25 മെഗാവാട്ടും വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പുഴയിലെ ജലലഭ്യത ആശ്രയിച്ച് വർഷക്കാലം ആറു മാസത്തോളമാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവുക.
പവർഹൗസും തടയണയും ഉൾപ്പെടുന്നതാണ് പദ്ധതി. ഉറുമിയിലാണ് പവർഹൗസ് പ്രവർത്തിക്കുന്നത്. വെള്ളം കനാൽ വഴി പവർഹൗസിന്റെ മുകൾ ഭാഗത്ത് എത്തിച്ച് പെൻസ്റ്റോക്ക് പൈപ്പിലൂടെ കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇവിടെ പ്രതിവർഷം 9.72 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. രണ്ടാമത്തെ പദ്ധതിയിൽ 6.28 ദശലക്ഷം പദ്ധതിയും ഉത്പാദിപ്പിക്കാം.