perambra

പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കരവോട് ചിറയിൽ ലക്ഷങ്ങളുടെ കൃഷി നാശം. ചെറുവണ്ണൂർ, മേപ്പയ്യൂർ, തുറയൂർ ഗ്രാമപഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന കരവോട് ചിറയിൽ ചെറുവണ്ണൂർ, മേപ്പയ്യൂർ മേഖലകളിലാണ് ഏക്കർ കണക്കിന് സ്ഥലങ്ങളിലെ കൃഷി നശിച്ചത്. കനത്ത മഴയിൽ വിയ്യഞ്ചിറ പാടശേഖര സമിതിക്ക് കീഴിലുള്ള പതിനെട്ട് ഏക്കറോളം നെൽകൃഷി വെള്ളത്തിനടിയിലായി.
എം.വി. സുനിൽകുമാർ, കെ.ടി. സരേഷ് ഗോപാൽ, മലയിൽ വളപ്പിൽ അസീസ്, കണാരൻ കാഞ്ഞിരാട്ട് തറ, സലാം പടിഞ്ഞാറക്കര, സി.എം. സുനിൽ, ഓടയിൽ വേലായുധൻ, കൈതയിൽ ഹാരിസ്, കെ. സുനിൽകുമാർ എന്നിവരുടെ നെൽകൃഷികളാണ് വെള്ളത്തിന് അടിയിലായത്. കാലം തെറ്റി വന്ന മഴയിൽ കർഷകർക്ക് കനത്ത നഷ്ടങ്ങളാണ് സംഭവിച്ചത്. കടം വാങ്ങിയും പണയം വച്ചും മറ്റുമാണ് കൊവിഡ് കാലത്ത് കൃഷി ചെയ്തതെന്ന് കർഷകർ പറഞ്ഞു .
കൃഷി നശിച്ച കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. മേപ്പയ്യൂർ പഞ്ചായത്ത് അധികൃതർ മേഖല സന്ദർശിച്ചു.

വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷി നാശം സംഭവിച്ച കരവോട് പാടശേഖരം ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ സന്ദർശിച്ചു. വൈസ് പ്രസിഡന്റ് പി.വി. പ്രവിത, വാർഡ് മെമ്പർമാരായ എൻ.ആർ. രാഘവൻ, കെ.എം. ബിജിഷ, എൻ.ടി. ഷിജിത്ത് രാഷ്ട്രീയ പാർട്ടി പ്രതിതിനിധികൾ തുടങ്ങിയവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കരവോട് പാടശേഖരത്തിൽ പെട്ട കണ്ടോത്ത് താഴ, പുതുക്കുടി ഇടത്തിൽ താഴ, കടങ്ങോശൽ കണ്ടിതാഴ ഭാഗങ്ങളിലെ ഏകദേശം 20 ഏക്കറോളം സ്ഥലത്താണ് കൃഷി നശിച്ചത്‌.