തിരുവനന്തപുരം: രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന പിണറായി വിജയനെ രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് ആശംസ നേർന്നു. ജനജീവിതത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധിയും ദുരിതവുമാണ് കൊവിഡ് സൃഷ്ടിച്ചിട്ടുള്ളത്. സാമ്പത്തിക രംഗത്തും മറ്റ് മേഖലകളിലും കേരളം വലിയ വെല്ലുവിളി നേരിടുന്നു. ജനങ്ങൾക്ക് ആശ്വാസം പകർന്ന് അവയെ നേരിടാൻ പുതിയ സർക്കാരിന് കഴിയട്ടെയെന്ന് ആശംസിച്ചു. മറ്റ് മന്ത്രിമാർക്കും ആശംസകൾ നേർന്നു.
പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. കൊവിഡ് വ്യാപനം വളരെ അപകടകരമായ നിലയിൽ തുടരുന്നതിനിടയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ കഴിയാത്തതിനാലാണ് സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് വിശദീകരിച്ചു.