rajiv-gandhi

1944 ആഗസ്റ്റ് 20.

പുലർകാലം.

ബോംബെയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ശിരോധ്‌കറിന്റെ ആശുപത്രിയിൽ ഇന്ദിരാഗാന്ധി ആൺകുഞ്ഞിന് ജന്മം നല്‌കി. ഇന്ദിരാഗാന്ധി പ്രസവിക്കുമ്പോൾ നെഹ്‌റു അഹമ്മദ് നഗർ ജയിലിൽ തടവിലായിരുന്നു. പേരക്കിടാവിന് പേരിടുക എന്നത് നെഹ്റുവിന് സ്വാതന്ത്ര്യസമരത്തെക്കാൾ ശ്രമകരമായിരുന്നു! അതുവരെ ആർക്കും ഇല്ലാത്തതും പുതുമയുള്ളതുമായ ഒരു പേരിന് വേണ്ടി നെഹ്റു മാസങ്ങളോളം മാനസികമായി അലഞ്ഞു. ഒരു പേരും നെഹ്റുവിന് ഇഷ്ടപ്പെട്ടില്ല. ഓരോ നിമിഷവും ഓരോ പേരുകൾ കണ്ടെത്തും. അതിൽ തൃപ്തി വരാതെ മറ്റൊരു പേര് കണ്ടെത്തും. ചില പേരുകൾ ഇന്ദിരാഗാന്ധി നെഹ്റുവിന് ജയിലിലേക്ക് എഴുതി അയയ്ക്കും. നെഹ്‌റു ചില പേരുകൾ എഴുതി ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുക്കും. അങ്ങനെ ആറു മാസത്തോളമാണ് നെഹ്റു കൊച്ചു മകന്റെ പേരിനായി തിരഞ്ഞത്. അവസാനം ഒരു പേര് കണ്ടെത്തി. അതുവരെ ആർക്കും ഇല്ലാത്തൊരു പേര്.

ആറുമാസങ്ങൾക്കു ശേഷം ഫിറോസ് ഗാന്ധിക്ക് ഒരു വിവരം ലഭിച്ചു. നെഹ്‌റുവിനെ അഹമ്മദ് നഗർ ജയിലിൽ നിന്ന് അൽമോറ ജയിലിലേക്ക് മാറ്റും. ജയിൽ മാറ്റത്തിനിടയിലുള്ള യാത്രയ്‌ക്കിടയിൽ ജനുവരി പത്താം തീയതി രാത്രി അലഹബാദിലെ നയിനി ജയിലിൽ നെഹ്‌റുവിനെ പാർപ്പിക്കും.

ജനുവരി പത്താംതീയതി രാത്രി ഇന്ദിരാഗാന്ധിയും ഫിറോസ് ഗാന്ധിയും മകനേയും കൊണ്ട് നയിനി ജയിലിലെത്തി. അമാവാസി ദിവസമായിരുന്ന അന്ന് അമ്പിളി അമ്മാവൻ കണ്ണടച്ചിരുന്നു. നിലാവില്ലാത്ത ആ രാത്രിയിൽ ഇരുട്ട് കൂടുതലായിരുന്നു. ജയിലിനുള്ളിലെ വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഇന്ദിരയുടെ കൈകളിൽ കിടന്ന പേരക്കിടാവിനെ നെഹ്റു നോക്കി. ആറുമാസത്തോളം തിരഞ്ഞു കണ്ടെത്തിയ പേര് അറിയാൻ ഇന്ദിരയും ഫിറോസും ആകാംക്ഷയോടെ നെഹ്‌റുവിന്റെ മുഖത്ത് നോക്കിനിന്നു. നെഹ്‌റു വാത്സല്യത്തോടെ കൊച്ചുമോനെ നോക്കി വിളിച്ചു. രാജീവ് രത്ന. അപ്പൂപ്പന്റെ നിറഞ്ഞ വാത്സല്യവുമായി ആ പേര് രണ്ടുവട്ടം കൂടി നീട്ടിവിളിച്ചു - രാജീവ് രത്ന...

രാജീവ്ഗാന്ധിയുടെ യഥാർത്ഥ പേര് രാജീവ് രത്ന എന്നാണ്. രാജീവം എന്നാൽ താമര. താമര എന്നാൽ കമലം. രാജീവ് ഗാന്ധിയുടെ മുത്തശ്ശിയുടെ പേരാണ് കമല. രത്ന എന്നാൽ ജവാഹർ. ജവാഹർ രാജീവ്‌ഗാന്ധിയുടെ മുത്തച്ഛന്റെ പേര്. കമലയുടെ പര്യായമായ രാജീവും ജവാഹർ എന്നർത്ഥം വരുന്ന രത്നയും ചേർന്നതാണ് രാജീവ് രത്ന. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കമലാ നെഹ്‌റു എന്നതാണ് രാജീവ് രത്ന എന്ന പേരിന്റെ പൂർണ രൂപം.

ലോകത്തിൽ ആദ്യമായി 'രാജീവ്" എന്ന പേര് കിട്ടിയത് നെഹ്‌റുവിന്റെ പേരക്കുട്ടിക്കാണ്. പേരിനൊരു പൊരുളുണ്ട് എന്നാണ് പഴഞ്ചൊല്ല്. താമരയുടെ സൗന്ദര്യവും രത്നത്തിന്റെ പ്രകാശവുമായാണ് രാജീവ് ഗാന്ധി 1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രക്തസാക്ഷിയാകുന്നതു വരെ ജീവിച്ചത്.