uae-

യു.എ.ഇയിൽ വിദേശികൾക്ക് ഇനി സ്വന്തം ഉടമസ്ഥതയിൽ കമ്പനി തുടങ്ങാൻ നിയമം വരുന്നത് കേരളത്തിന് ഏറെ സന്തോഷം പകരുന്നതാണ്. ഇതുസംബന്ധിച്ച നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് വാർത്താ ഏജൻസിയായ 'വാം" റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ യു.എ.ഇ പൗരന്മാരുടെ ഓഹരി പങ്കാളിത്തത്തോടു കൂടിയേ കമ്പനി തുടങ്ങാൻ കഴിയുമായിരുന്നുള്ളൂ.

വാണിജ്യ വ്യവസായ രംഗത്ത് യു.എ.ഇ യുടെ മത്സരക്ഷമത കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്‌ദുള്ള ബിൻ തൗഖ് അൽ - മാറി വ്യക്തമാക്കുകയും ചെയ്തു. കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ യു.എ.ഇ പൗരനായിരിക്കണമെന്നും ബോർഡിൽ ഭൂരിപക്ഷവും തദ്ദേശീയർ ആകണമെന്നുമുള്ള ഇതുവരെയുള്ള വ്യവസ്ഥയാണ് ജൂൺ മുതൽ ഇല്ലാതാകുന്നത്. ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത് മലയാളികളായ വ്യവസായികൾക്കും സംരംഭകർക്കുമായിരിക്കും. ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി കമ്പനികൾ യു.എ.ഇയിൽ തുടങ്ങാൻ മലയാളി വ്യവസായികൾ ഇതോടെ തയ്യാറാകുമെന്ന് നിസംശയം പ്രതീക്ഷിക്കാം.

കൊവിഡ് കാലത്തിന് ശേഷം ലോകത്താകമാനം സാമ്പത്തികരംഗത്ത് ഒരു ഉണർവ് വരാതിരിക്കാൻ കഴിയില്ല. അതു മുൻകൂട്ടി കണ്ടാവാം യു.എ.ഇ നിയമത്തിൽ മാറ്റം വരുത്തുന്നത്.

യു.എ.ഇയെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച നിക്ഷേപകർക്ക് പൗരത്വം അല്ലെങ്കിൽ 10 വർഷ വിസയും യു.എ.ഇ വാഗ്ദാനം ചെയ്യുന്നു.

യു.എ.ഇയിൽ മലയാളികളാവും ഏറ്റവും കൂടുതൽ ചെറുതും വലുതുമായ കമ്പനികൾ തുടങ്ങാൻ പോകുന്നത്. ഇത് കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവർക്കും പുതുതായി ജോലി തേടുന്നവർക്കും പുതിയ അവസരമാകും പ്രദാനം ചെയ്യുക. ഇപ്പോൾ തന്നെ യു.എ.ഇയിൽ മലയാളികളുടെ പ്രമുഖ കമ്പനികൾ യു.എ.ഇ പൗരന്മാരെ പാർട്‌ണർമാരാക്കി നടത്തുന്നുണ്ട്. ഇവർക്ക് അതിൽ നിന്ന് മാറി സ്വന്തം കമ്പനി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാനും പുതിയ നിയമം വഴിതുറക്കും.

കറിപൗഡറൊക്കെ യു.എ.ഇയിലേക്ക് കയറ്റി അയയ്ക്കുന്ന കേരളത്തിലെ പ്രമുഖ കമ്പനികൾക്ക് ഇനി യു.എ.ഇയിൽ സ്വന്തം ഉടമസ്ഥതയിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാം. യു.എ.ഇ പൗരന്മാരെക്കൂടി പങ്കാളിയാക്കണം എന്ന വ്യവസ്ഥ നിലനിന്നിരുന്നതിനാൽ പല ഫിനാൻസ് കമ്പനികളും സ്ഥാപനങ്ങൾ തുടങ്ങാൻ അറച്ച് നിന്നിരുന്നു. കേരളത്തിലെ പല പ്രമുഖ ഫിനാൻസ്, ചിട്ടികമ്പനികൾ സ്വന്തം കമ്പനികൾ ഇനി യു.എ.ഇയിലും തുടങ്ങുന്നതിന് പുതിയ നിയമം വഴിയൊരുക്കും. ട്രാവൽ ടൂറിസം രംഗത്തും പുതിയ കമ്പനികൾ പ്രതീക്ഷിക്കാം. യു.എ.ഇയിൽ പുതിയ കമ്പനികൾ തുടങ്ങുന്ന മലയാളി വ്യവസായികൾക്ക് അതിനാവശ്യമായ മറ്റ് സഹായങ്ങൾ നൽകാൻ സംസ്ഥാനത്തെ പ്രവാസി വകുപ്പും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. അതിനുവേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാൻ പുതിയ പ്രവാസിമന്ത്രി അബ്ദുറഹ്‌മാൻ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.