apakadavasthayilaya-maram

കല്ലമ്പലം: ആലംകോട് മുതൽ പാരിപ്പള്ളി വരെയുള്ള ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി. ഈ ഭാഗങ്ങളിൽ നിരവധി കൂറ്റൻ മരങ്ങളാണ് ഏതു സമയവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. അപകടം ക്ഷണിച്ചു വരുത്തുന്ന മുത്തശ്ശി മരങ്ങൾ തഹസീൽദാർ ഉത്തരവിട്ടിട്ടും പി.ഡബ്ല്യൂ.ഡി അധികൃതർ മുറിച്ചു മാറ്റുന്നില്ലെന്നാണ് ആക്ഷേപം. കല്ലമ്പലം പെട്രോൾ പമ്പിന് സമീപമുള്ള കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾക്കിടയിലൂടെ നിരവധി വൈദ്യുത ലൈനുകളാണ് കടന്നുപോകുന്നത്. അനുദിനം ചായ്ഞ്ഞുകൊണ്ടിരിക്കുന്ന മരത്തെക്കുറിച്ച് പല തവണ പരാതികൾ നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. കഴിഞ്ഞ മഴയിലും കാറ്റിലും ദേശീയപാതയിൽ നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. വൻ നാശനഷ്ടങ്ങളാണ്‍ ഇതുമൂലം ഉണ്ടായത്. കാലവർഷം തുടങ്ങുന്നതിന് മുൻപേ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.