riyas

വെഞ്ഞാറമൂട്: അകാലത്തിൽ പൊലിഞ്ഞ തന്റെ പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജുവിന്റെ മേലാറ്റുമൂഴിയിലെ വീട്ടിലാണ് ബുധനാഴ്ച വൈകിട്ടോടെ മന്ത്രിയെത്തിയത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ നവംബറിലാണ് ബിജു മരിച്ചത്.

ബിജുവിന്റെ മക്കളായ നയൻ, നീൽ എന്നിവർ ഹാരമണിയിച്ചാണ് അച്ഛന്റെ കൂട്ടുകാരനായ മന്ത്രിയെ സ്വീകരിച്ചത്. ഡി.കെ. മുരളി എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ. സലിം, കെ.പി. പ്രമോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബിജുവിനൊപ്പം പ്രവർത്തിച്ചിരുന്ന എ.എൻ. ഷംസീർ എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ എന്നിവരും കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു.