പാലോട്: തിരക്കേറിയ തിരുവനന്തപുരം തെങ്കാശി പാതയിൽ ചുള്ളിമാനൂർ മുതൽ മടത്തറ വരെയും നന്ദിയോട് മുതൽ ചെറ്റച്ചൽ വരെയും നിരവധി മരങ്ങൾ അപകടഭീഷണി ഉയർത്തിയിട്ടും നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞ മഴയിൽ മരങ്ങൾ വീണ് ധാരാളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണ് വൈദ്യുതബന്ധം സ്തംഭിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വശങ്ങളിലെ മണ്ണ് മാറ്റിയതിനാൽ വേരുകൾ മുറിഞ്ഞ് ബലക്ഷയം സംഭവിച്ച മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ബന്ധപ്പെട്ടവരോട് നിരവധിയായി ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കോമ്പൗണ്ടിൽ ഇത്തരം മരങ്ങൾ ധാരാളമാണ്. പഴയ കെ.എസ്.ആർ.ടി.സിക്കു സമീപത്തെ മരവും പാലുവള്ളി ഗവ. യു.പി.എസിന് സമീപത്തെ കൂറ്റൻ മരവും മറിഞ്ഞുവിഴൽ ഭീഷണിയിലാണ്. ചില മരങ്ങളുടെ ശിഖരങ്ങൾ 11 കെ.വി ലൈനിൽ തട്ടി കരിഞ്ഞ നിലയിലാണ്. മണ്ണിടിച്ചിൽ രൂക്ഷമായ പ്രദേശത്ത് മഴ കനക്കുന്നതോടെ മരങ്ങൾ കടപുഴകി വീഴുമെന്നതിനാൽ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അടിയന്തിര നടപടികൾ അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ഇത് വൻ ദുരന്തത്തിന് കാരണമാകാം.