വിതുര: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ബോണക്കാട് എസ്റ്രേറ്റിലെ തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് വിതുര സർവീസ് സഹകരണ ബാങ്കിലെ സുമനസുകൾ. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തോട്ടത്തിൽ ഇപ്പോൾ ഇരുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടന്നതിനാൽ കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ എസ്റ്റേറ്റിലെ ഒരു തൊഴിലാളിക്ക് പോലും രോഗം പിടികൂടിയിരുന്നില്ല. എന്നാൽ കൊവിഡിന്റെ രണ്ടാംതരംഗത്തിൽ ബോണക്കാട്ടും കൊവിഡ് വ്യാപനം ആഞ്ഞടിക്കുകയാണ്. 32 പേർക്കാണ് രോഗബാധയുണ്ടായത്. ഇടിഞ്ഞുപൊളിഞ്ഞതും മഴയത്ത് ചോർന്നൊലിക്കുന്നതുമായ ലയങ്ങളിലാണ് തൊഴിലാളികൾ അന്തിയുറങ്ങുന്നത്. കൊവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റ് ഷാജി മറ്റാപ്പള്ളിയും, സെക്രട്ടറി പി. സന്തോഷ്‌കുമാറും ഉടൻ പ്രശ്നത്തിൽ ഇടപെടുകയും ബോണക്കാടെത്തി എന്തൊക്കെ സഹായങ്ങൾ വേണമെന്ന് ആരായുകയും ചെയ്തു. പിറ്റേ ദിവസം തന്നെ പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്രുകൾ എല്ലാ കുടുംബങ്ങൾക്കും വതിരണം ചെയ്തു. കൂടാതെ ബാങ്കിന്റെ നേതൃത്വത്തിൽ വിതുര ഗവൺമെന്റ് ആശുപത്രിക്കാവശ്യമായ പ്രിതിരോധ സാമഗിരികളും, വിതുര പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്കാവശ്യമായ പി.പി.ഇ കിറ്റുകൾ, ഫേസ് ഷീൽഡുകൾ, മസ്ക്, സാനിട്ടൈസർ എന്നിവയും നൽകി. പദ്ധതികളുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി, സെക്രട്ടറി പി. സന്തോഷ്കുമാർ,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.