l

കടയ്ക്കാവൂർ: ദുരിതകാലത്ത്‌ വൃദ്ധക്ക് താങ്ങായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്ത്. അഞ്ചുതെങ്ങ്, നെടുംങ്ങണ്ട, കോട്ടക്കഴികത്ത് സ്വയംപ്രഭ എന്ന വൃദ്ധയ്ക്കാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സഹായമെത്തിച്ചത്. ഒറ്റമുറി മാത്രമുളള വീട്ടിൽ ഇവർ ഒറ്റക്കാണ് താമസിക്കുന്നത്. തകരഷീറ്റുകൊണ്ട് നിർമ്മിച്ച വീടിന്റെ മേൽക്കൂരയുടെ പല ഭാഗങ്ങളും ദ്രവിച്ചു ഇളകിപ്പോയിരുന്നു. ദ്വാരങ്ങൾ വീണ ഭാഗത്തു കൂടി മഴപെയ്താൽ വെളളം വീട്ടിൽ നിറയും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ എത്തിയ ഡി.വൈ.എഫ്.ഐ നെടുങ്ങണ്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷീറ്റിനുമുകളിൽ ടാർപ്പ വലിച്ചു കെട്ടി ചോർച്ച ഒഴിവാക്കി. ഇനി ഏതാവശ്യത്തിനും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.
ഗ്രാമ പഞ്ചായത്ത്‌ അംഗം സരിത, ഡി.വൈ.എഫ്.ഐ മേഖല ട്രക്ഷറർ വിജയ് വിമൽ, അജിത്, ബിച്ചു, റോബിൻ സോണി, ഉണ്ണിക്കുട്ടൻ, അനന്തു, നന്ദൻ, കാർത്തിക് എന്നിവർ നേതൃത്വം നൽകി.