തിരുവനന്തപുരം:പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലയിൽ നിയന്ത്രണം പൊലീസ് ഇരട്ടിപ്പിച്ചു.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മറ്റ് സ്ഥാപനങ്ങളും അവധിയായതോടെ നിരത്തുകളിലേക്ക് എത്തിയവരുടെ എണ്ണം കുറവായിരുന്നു.ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ രാജ്ഭവൻ,വെള്ളയമ്പലം,മ്യൂസിയം,പാളയം,അയ്യങ്കാളി ഹാൾ,സ്‌പെൻസർ,സ്റ്റാച്യു,പ്രസ്‌ക്ലബ്,വൈ.എം.സി.എ,(സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും),ആസാദ് ഗേറ്റ്, പുളിമൂട് വരെയുള്ള റോഡുകളിലും പാർക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശന പാസ് ലഭിച്ച വാഹനങ്ങളെ മാത്രമേ കടത്തിവിട്ടുള്ളൂ. ബ്ലോക്കിംഗ് പോയിന്റുകളായ മെയിൻ ഗേറ്റ്, ജേക്കബ്സ്,ഊറ്റുകുഴി,ഗവ.പ്രസ് ജംഗ്ഷൻ,ആസാദ് ഗേറ്റ്, വാന്റോസ് എന്നിവിടങ്ങളിലൂടെ ഉച്ചയ്ക്ക് 12മുതലാണ് സെൻട്രൽ സ്റ്റേഡിയം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിട്ടത്. സെക്രട്ടേറിയറ്റിന് സമീപം പ്രസ്‌ക്ലബിന്റെ ഭാഗങ്ങൾ വൺവേയായി ക്രമീകരിച്ചിരുന്നു.
ജില്ലയിലെ മറ്റ് പ്രധാന റോഡുകളിൽ ബാരിക്കേഡ് നിരത്തി പരിശോധനയും കർശനമാക്കിയിരുന്നു.മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളിലെ പാഴ്സൽ സർവീസുമാണ് ആകെ പ്രവർത്തിച്ചത്.ഗ്രാമപ്രദേശങ്ങളിൽ ഇടറോഡുകളിലടക്കം പൊലീസ് സ്ഥാപിച്ചിരുന്ന താത്കാലിക ബാരിക്കേഡുകൾ പലതും പൊളിഞ്ഞുവീണു. ഇതിനിടെ ചിലയിടങ്ങളിൽ ബാരിക്കേഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിന് കേസെടുത്തു. അതേസമയം അതിർത്തി വഴിയുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥർ ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് സന്ദർശിച്ചു.നിലവിൽ കാെവിഡ് ജാഗ്രതാ പോർട്ടലിലൂടെ ലഭിക്കുന്ന യാത്രാപാസ് ഉള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്.