തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോൾ ആളും ആരവും ചെണ്ടമേളവും കൊണ്ട് ആഹ്ളാദ തിമിർപ്പിലാകേണ്ട നഗരവീഥികൾ ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിജനമായിരുന്നു. പാർട്ടി ഓഫീസുകളിലും കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്.
ചടങ്ങിനെത്താൻ കഴിയാത്ത പ്രവർത്തകരും നേതാക്കളും വീടുകളിൽ ആഘോഷമൊതുക്കി. ടെലിവിഷനിലും മൊബൈൽ ഫോണിലും സത്യപ്രതിജ്ഞ ലൈവായി കണ്ട് പ്രവർത്തകർ മനസ് നിറച്ചു. വീടുകളിൽ മധുര വിതരണവും മുദ്രാവാക്യ അഭിവാദ്യവുമുണ്ടായിരുന്നു.
ജില്ലയിൽ നിന്നുള്ള വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ നേമം, തിരുവനന്തപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലടക്കം ജില്ലയുടെ പലയിടത്തും പ്രവർത്തകർ വീടുകളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.