 കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനസജ്ജം

തിരുവനന്തപുരം: കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലുകളിൽ നിന്ന് ഇനി സൗജന്യമായി ഭക്ഷണം ലഭിക്കില്ല. കോർപ്പറേഷന്റെ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തന സജ്ജമായതോടെയാണ് സൗജന്യ ഭക്ഷണ വിതരണം അവസാനിപ്പിക്കുന്നത്. ജനകീയ ഹോട്ടലുകളിൽ ഇനി ഒരു നേരത്തെ ഭക്ഷണം വാങ്ങാൻ 20 രൂപ നൽകണം. മൂന്ന് നേരത്തെ ഭക്ഷണം 60 രൂപ നിരക്കിൽ നൽകുന്നത് തുടരുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

10 കമ്മ്യൂണിറ്റി കിച്ചണുകളിൽ ഒമ്പത് എണ്ണവും ആരംഭിച്ചു. ആറ്റുകാൽ വാർഡിൽ തീരുമാനിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചൺ ഉചിതമായ സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തിൽ മുടവൻമുകൾ വാർഡിലാണ് ആരംഭിച്ചത്. മേയർ ഉദ്ഘാടനം ചെയ്‌തു. വഞ്ചിയൂർ വാർഡിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉദ്ഘാടനം ചെയ്‌തു. വട്ടിയൂർക്കാവ് കമ്മ്യൂണിറ്റി കിച്ചൺ മാത്രമാണ് ഇനിയും ആരംഭിക്കാത്തത്. അടുത്ത ദിവസം തന്നെ ഇവിടെയും പ്രവർത്തനം തുടങ്ങും.