 രോഗികളെ വേറെ ആശുപത്രിയിലേക്ക് മാറ്റി  മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരം: പടിഞ്ഞാറെക്കോട്ടയ്‌ക്ക് സമീപം എസ്.പി ഫോർട്ട് ആശുപത്രിയിലെ കാന്റീൻ കെട്ടിടത്തിൽ വൻ തീപിടിത്തം. കനത്ത പുക ആശുപത്രിക്കുള്ളിൽ നിറഞ്ഞതോടെ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 32 രോഗികളിൽ 16 പേരെ ആശുപത്രി മാനേജ്‌മെന്റിന് കീഴിലുള്ള ശാസ്‌തമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. പാചകപ്പുരയിലെ ഉപകരണങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, ജീവനക്കാരുടെ മൊബൈൽ ഫോണുകൾ, ആശുപത്രി കെട്ടിടത്തിലെ മൂന്ന് എ.സികൾ എന്നിവ കത്തി നശിച്ചു. 13 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കാന്റീൻ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള പാചകപ്പുരയിൽ ഇന്നലെ രാവിലെ 9.15ഓടെയായിരുന്നു അപകടം. പാചകം ചെയ്യുന്നതിനിടെ ചട്ടിയിലെ എണ്ണയിലേക്ക് തീ പിടിച്ച് എക്സ്ഹോസ്റ്റ് ഫാനിലേക്ക് പടർന്നുകയറി. പിന്നാലെ അടുക്കളയിലെ ഭിത്തിയായി നിർമ്മിച്ചിട്ടുള്ള പ്ലൈവുഡ് ഷീറ്റിലേക്ക് തീ പടരുകയായിരുന്നു. ഈ സമയം രണ്ട് പാചകക്കാരിൽ ഒരാൾ ഭക്ഷണം കഴിക്കാനും മറ്റേയാൾ അരി കഴുകാനുമായി താഴത്തെ നിലയിലായിരുന്നു. വൻ ശബ്ദത്തോടെ മേൽക്കൂര കത്തിയമർന്നതിനുശേഷമാണ് ജീവനക്കാർ ഇത് കണ്ടത്. ആശുപത്രിയിലെ അഗ്നിസുരക്ഷാ ജീവനക്കാർ ഉടൻ വൈദ്യുതി ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയുടെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സംഭവറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെയും ആശുപത്രി ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തം ഒഴിവായത്. തീ ആളിക്കത്തി കാന്റീനോട് ചേർന്ന ആശുപത്രി കെട്ടിടത്തിലെ മൂന്ന് എ.സികളും കത്തിനശിച്ചു. പുക വാർഡിലേക്ക് പടർന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലായി. ഉടനെ ആശുപത്രി അധികൃതർ സ്വകാര്യ ആംബുലൻസുകളടക്കം വിളിച്ച് രോഗികളെ മാറ്റുകയായിരുന്നു.

കൊവിഡ് രോഗികളാരും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നില്ല. മന്ത്രി ആന്റണി രാജു, കളക്ടർ നവ്ജ്യോത് ഖോസ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഫയർഫോഴ്സ് അധികൃതരോട് കളക്ടർ റിപ്പോർട്ട്‌ തേടി. സ്ഥിതി പൂർണനിയന്ത്രണ വിധേയമാണെന്നും കളക്ടർ അറിയിച്ചു.

പരിക്കേറ്റവർ ചികിത്സതേടി

തീ അണയ്‌ക്കുന്നതിനിടെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ വിഷ്‌ണു വി. നായർ, അനീഷ് എന്നിവർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് കൈയ്ക്ക് പൊള്ളലേൽക്കുകയും ഒരാളിന് കാന്റീൻ ചില്ല് തകർക്കുന്നതിനിടെ കൈയ്‌ക്കും പരിക്കേൽക്കുകയുമായിരുന്നു. ഇവരെ ഇവിടെ തന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ഒഴിവായത് വൻ ദുരന്തം

കാന്റീനിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ജനറേറ്ററിലേക്ക് തീപടർന്നിരുന്നെങ്കിൽ അതിൽ നിറച്ചിട്ടുള്ള ഡീസൽ കത്തി വൻദുരന്തം ഉണ്ടാകുമായിരുന്നു. അവിടെ നിന്നും 50 മീറ്റർ മാറിയാണ് ഓക്‌സിജൻ സിലിണ്ടറുകളും സൂക്ഷിച്ചിരുന്നത്. കാന്റീനിലെ ഗ്യാസ് സിലിണ്ടറുകളിൽ തീപടരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഫയർഫോഴ്സ് സിലിണ്ടറുകൾ വേഗം മാറ്റിയിരുന്നു.