jose

നെയ്യാറ്റിൻകര: കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന നെയ്യാറ്റിൻകരയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും മറ്റ് വകുപ്പുകളുടെയും മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ 44 വാർഡുകളിലും കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ആയിരത്തോട് അടുത്തെത്തിയ രോഗികളുടെ എണ്ണം ഇപ്പോൾ 700ന് താഴെയായിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് വാർ റൂമിലൂടെ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിച്ചു കൊണ്ട് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി സജീവമായി രംഗത്തുണ്ടെന്ന് ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ പറഞ്ഞു. നഗരസഭയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിൽ 31 പേർ ചികിത്സയിലാണ്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. ആരോഗ്യ പ്രവർത്തകർ, ക്രമസമാധനപാലകർ, വ്യാപാരി വ്യവസായി സമൂഹം,​ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത കൂട്ടായ്മയിൽ നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് 'അരികിലുണ്ട് ഡോക്ടർ" എന്ന പദ്ധതിയിലൂടെ രോഗികളെ വീട്ടിൽ എത്തി ചികിത്സിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിൽ ഇതുവരെ 107 കൊവിഡ് മരണങ്ങളാണ് ഉണ്ടായത്. പെരുമ്പഴൂതൂർ,​ വഴിമുക്ക്, ചായ്ക്കോട്ടുകോണം, ആലംപ്പൊറ്റ എന്നീ മേഖലകളിലാണ് മരണ നിരക്ക് കൂടുതലായിരുന്നത്. പൊലീസിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ 17 കണ്ടെയ്ൻമെന്റ് സോണുകളിലും ശക്തമാണ് വാർഡ് തല ജാഗ്രതാസമിതി അംഗങ്ങൾ പൊലീസുമായി സഹകരിച്ച് കൊവിഡ് രോഗികളുളള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വീടുകളിൽ കഴിയുന്ന നിരാലംബരായ രോഗികൾക്ക് ഭക്ഷണം, ​മരുന്ന്,​ ചികിത്സ എന്നിവയും നഗരസഭ ഉറപ്പ് വരുത്തിയിട്ടുണ്ട്.