നെടുമങ്ങാട്: കന്നിയങ്കത്തിൽ റെക്കാഡ് ഭൂരിപക്ഷം നൽകി വിജയിപ്പിച്ച സ്വന്തം അനിൽ അണ്ണൻ ഇനി ഭക്ഷ്യമന്ത്രി.അര നൂറ്റാണ്ടത്തെ നാടിന്റെ സ്വപ്നം സഫലമാക്കി രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി ജി.ആർ.അനിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് ആവേശത്തോടെ ടി.വിയിൽ കണ്ട് മലയോര നിവാസികൾ.
സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ നെടുമങ്ങാട് നിന്ന് 23,309 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ഭൂരിപക്ഷം ഇതാദ്യം.സൗമ്യമായ പെരുമാറ്റവും കൊടിയുടെ നിറം നോക്കാതെയുള്ള സൗഹൃദങ്ങളുമാണ് ജി.ആർ. അനിലിന്റെ ചരിത്ര വിജയത്തിന് വഴിയൊരുക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് നെടുമങ്ങാട് നഗരസഭയിലും കരകുളം പഞ്ചായത്തിലും ഉൾപ്പെടെ സി.പി.എം, സി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ പടലപ്പിണക്കത്തിനും സി.പി.ഐയിലെ അച്ചടക്ക നടപടികൾക്കും ഇടയിലാണ് നെടുമങ്ങാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായി അനിലിന്റെ രംഗപ്രവേശം.
സി.പി.ഐ അംഗത്തെ തോല്പിച്ച് നഗരസഭാ വൈസ് ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത സി.പി.എം ഏരിയാ സെന്റർ അംഗത്തെ മുന്നണി ബന്ധത്തിന് ഉലച്ചിൽ തട്ടാത്തവണ്ണം തൊട്ടടുത്ത ദിവസം രാജി വയ്പിച്ചതും, തോറ്റ സി.പി.ഐ അംഗത്തെ വീണ്ടും മത്സരിപ്പിച്ച് സി.പി.എം പിന്തുണയിൽ വൈസ് ചെയർമാനാക്കിയതും ജി.ആർ. അനിൽ ജില്ലാ സെക്രട്ടറിയായിരിക്കെയാണ്. പ്രകോപിതരായ സി.പി.എം ഏരിയാ കമ്മിറ്റിയും കീഴ്ഘടകങ്ങളും പരസ്യ നിലപാടുമായി സി.പി.ഐക്കെതിരെ വന്നെങ്കിലും അവരെയും അദ്ഭുതപ്പെടുത്തുന്ന നടപടികളാണ് പിന്നീട് സി.പി.ഐയിൽ അരങ്ങേറിയത്. നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പ്രമുഖ സി.പി.എം സ്ഥാനാർത്ഥികളുടെ പരാജയത്തിന് ഇടയാക്കിയെന്ന് ആരോപണ വിധേയരായ മുൻ മണ്ഡലം സെക്രട്ടറി ഉൾപ്പെടെ മുഴുവൻ ഭാരവാഹികളെയും സി.പി.ഐ തരംതാഴ്ത്തി. ഇതോടെ, ഇരുപാർട്ടികളും തമ്മിൽ നിലനിന്നിരുന്ന അനൈക്യത്തിനും ഏറ്റുമുട്ടലിനും അന്ത്യമായി.
എൽ.ഡി.എഫിലെ തമ്മിലടി മുതലാക്കാമെന്ന് കണക്കുകൂട്ടിയ യു.ഡി.എഫ് കേന്ദ്രങ്ങൾ വലിയ തിരിച്ചടിയാണ് നേരിട്ടത്. സി.പി.എം ജില്ലാ,ഏരിയാ സെന്ററുകളും സി.പി.ഐ മണ്ഡലം കമ്മിറ്റിയും ജി.ആറിന് പിന്നിൽ അണിനിരന്നു. യു.ഡി.എഫിന് മുൻതൂക്കമുള്ള അണ്ടൂർക്കോണത്ത് 2,200 ഉം പോത്തൻകോട്ട് 3,800 ഉം വോട്ടിന്റെ ലീഡ് അനിൽ കരസ്ഥമാക്കി. നഗരസഭയും കരകുളവും പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ് നൽകി. പിന്നാക്ക, ന്യൂനപക്ഷ മേഖലകളിൽ ശക്തമായ പിന്തുണയാണ് അനിലിന് ലഭിച്ചത്. പഴകുറ്റി - വഴയില നാലുവരിപ്പാത നിർമ്മാണത്തിന്റെ പേരിൽ എൽ.ഡി.എഫ് നേതൃത്വവുമായി ഉരസലിലായിരുന്ന മുൻ എം.എൽ.എ പ്രൊഫ.നബീസ ഉമ്മാളിന്റെ നേതൃത്വത്തിൽ ജി.ആറിനെ പിന്തുണച്ച് നാട്ടുകാർ ഒറ്റക്കെട്ടായി അണിനിരന്നതും ശ്രദ്ധേയമായി. ഈ കൂട്ടായ്മയും ജനപിന്തുണയുമാണ് ജി.ആറിന്റെ മന്ത്രിപദ ലബ്ധിയെ നാടിന്റെ ആഘോഷമാക്കി മാറ്റിയത്.
'' നെടുമങ്ങാട്ടെ വോട്ടർമാരുടെ കൂട്ടായ്മക്കും ഐക്യത്തിനുമൊപ്പം നിലയുറപ്പിക്കും. നാട്ടുകാരുടെ വികസന നിർദ്ദേശങ്ങൾ എൽ.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് നടപ്പാക്കും".
-.ജി.ആർ. അനിൽ,
ഭക്ഷ്യ മന്ത്രി