photo

നെടുമങ്ങാട്: കരകുളം മുക്കോല വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ആശുപത്രിക്ക് (ആശ്വാസവണ്ടി ) ആവശ്യമായ സാമഗ്രികൾ വാങ്ങാൻ ഫിഷ്‌ടാങ്കിനു വേണ്ടി സ്വരുക്കൂട്ടിയ തുക കൈമാറി സ്കൂൾ വിദ്യാർത്ഥയുടെ മാതൃക. കരകുളം പഞ്ചായത്തിലെ സൂര്യകിരൺ എന്ന ബബലു ആണ് തന്നാലാവുന്ന സഹായവുമായി മുന്നോട്ടുവന്നത്. മന്ത്രി അഡ്വ. ജി.ആർ. അനിൽ ബബലുവിൽ നിന്ന് തുക ഏറ്റുവാങ്ങി. കരകുളം പഞ്ചായത്ത് ആശ്വാസ വണ്ടിയിൽ പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ, മാസ്കുകൾ, ബി.പി ഉപകരണം തുടങ്ങിയ സാമഗ്രികൾ വാങ്ങാൻ തുക ചെലവിടുമെന്ന് ജി.ആർ. പറഞ്ഞു. ആശ്വാസ വണ്ടിയുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. വിദ്യാർത്ഥിക്ക് സമ്മാനമായി പൾസ് ഓക്സി മീറ്ററും, എൻ 95 മാസ്കുകളും നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി. സുനിൽകുമാർ, വി. രാജീവ്‌, സി.പി.എം എൽ.സി സെക്രട്ടറി അജിത്ത്, സി.പി.ഐ എൽ.സി സെക്രട്ടറി എസ്. രാജപ്പൻ നായർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സുകുമാരൻ നായർ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് വിനേഷ് കുമാർ, ഗീത തുടങ്ങിയവർ പങ്കെടുത്തു.