general

ബാലരാമപുരം: കനാലിനോട് ചേർന്നുള്ള ചാനൽപ്പാലം - റസ്സൽപ്പുരം റോഡിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നെയ്യാർ ഇരിഗേഷന്റെ വലത് കനാലിനെതിരെയാണ് അപകടക്കെണിയെന്ന ആക്ഷേപമുയർന്നിരിക്കുന്നത്. ചാനൽപ്പാലം ജംഗ്ഷനിൽ നിന്ന് റസ്സൽപ്പുരം റോഡിൽ ട്രാൻസ്ഫോമറിന് സമീപം വരെ മൂന്നൂറ് മീറ്ററിൽ കനാലിനോട് ചേർന്ന് സൈഡ്‌വാൾ കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ലോക്ക്ഡൗൺ കാരണം മിക്ക ഇടറോഡുകളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുന്നതിനാൽ ചാനൽപ്പാലം വഴിയാണ് അധികം വാഹനങ്ങളും കടന്നുപോകുന്നത്. ആഴ്ചകൾക്ക് മുൻപ് കനാൽ ശുചീകരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കനാലിനോട് ചേർന്നുള്ള ചെടികളും മരങ്ങളും വെട്ടിമുറിച്ചതോടെ കനാലിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ തുടരുകയാണ്. മഴക്കാലമെത്തുന്നതോടെ ചാനൽപ്പാലം - റസൽപ്പുറം റോഡ് കൂടുതൽ അപകടാവസ്ഥയിലേക്ക് കടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. റസ്സൽപ്പുരം ബിവറേജസ് ഗോഡൗണിലേക്കും ചെട്ടിനാട് സിമന്റ് ഗോഡൗണിലേക്കും ടാർസൻ ലോറിയുൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. താരതമ്യേന വീതികുറഞ്ഞ റോഡിൽ ഇരുഭാഗത്ത് നിന്നും വലിയ വാഹനങ്ങളെത്തിയാൽ ഇതുവഴി കടന്നുപോകുന്നത് ബുദ്ധിമുട്ടാകും. ഒരു വർഷം മുൻപ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സമാനരീതിയിൽ പിന്നീടും വാഹനങ്ങൾ അപകടത്തിപ്പെട്ടിട്ടുണ്ട്. അപകട സാദ്ധ്യതാ ബോർഡ് ഉടൻ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. മൂന്ന് വ‍ർഷം മുൻപ് ട്രാൻസ്ഫോമറിന് സമീപം അപകടസാദ്ധ്യതയേറിയ 50 മീറ്റർ ഭാഗത്ത് സുരക്ഷാവേലി കെട്ടിയിരുന്നു. കനാലിന് സമീപം സുരക്ഷാവേലി സ്ഥാപിക്കാൻ ഇറിഗേഷൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.