തിരുവനന്തപുരം: ആശുപത്രിയിലെ രണ്ടാം നിലയിലുള്ള വാർഡിന്റെ പിറകുവശത്തെ ജനാലയിലൂടെ പുകച്ചുരുളുകൾ അകത്തേക്ക് നിറഞ്ഞപ്പോൾ രോഗികൾ പരിഭ്രാന്തരായി. ജനറേറ്ററിൽ നിന്നുള്ള പുക വരുന്നതായിരിക്കുമെന്നാണ് പലരും ആദ്യം കരുതിയതെങ്കിലും കാന്റീനിന്റെ രണ്ടാം നിലയിൽ നിന്ന് തീ ഉയരുന്നത് കണ്ടപ്പോഴാണ് ഗൗരവം മനസിലായത്. ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്നവരും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പരസഹായം വേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് വാർഡ് മുഴുവനും പുക പടർന്നു. പലരും ചുമച്ചുകൊണ്ട് അകത്തെ വരാന്തയിലേക്ക് ഓടി.

ഇതിനിടെ ആശുപത്രിയിലെ അഗ്നി സുരക്ഷാ ജീവനക്കാർ ഫയർ എക്സ്റ്റിൻഗ്യൂഷറുകളുമായി കാന്റീനിലേക്ക് പാഞ്ഞു. വൈദ്യുതി വിച്ഛേദിച്ചശേഷം തീ അണക്കാൻ ശ്രമം നടത്തി. എന്നാൽ തീ പൂർണമായും അണഞ്ഞില്ല. തുടർന്ന് ആശുപത്രി അധികൃതർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചുമിനിട്ടിനകം രണ്ടു യൂണിറ്റ് ഫയർയൂണിറ്റുകളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

അവരുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് വൻ ദുരന്തമൊഴിവായത്. ഇതിനിടെ വാർഡിൽ ചികിത്സയിലുള്ള 32 രോഗികളെയും ആശുപത്രിയിൽ നിന്നും മാറ്റാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. സ്വകാര്യ ആംബുലൻസുകളടക്കം വിളിച്ചുവരുത്തി ആശുപത്രി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിൽ നഗരത്തിൽ തന്നെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് 16 രോഗികളെ മാറ്റി. ബാക്കിയുള്ളവരെ ആശുപത്രിയുടെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. ഇതിനിടെ മന്ത്രി, ജില്ലാ കളക്ടർ, മേയർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വൈദ്യുതി സർക്യൂട്ടിന് തകരാറില്ലെന്ന് ബോദ്ധ്യപ്പെട്ട ശേഷം കണക്ഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പുറത്തിറക്കിയ രോഗികളെ തിരികെ വാർഡിലെത്തിച്ചത്.