തിരുവനന്തപുരം: പിണറായി സർക്കാരിന്റ സത്യപ്രതിജ്ഞാ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തൽ പൊളിക്കരുതെന്നും കൊവിഡ് വാക്‌സിനേഷനായി ഉപയോഗപ്പെടുത്തണമെന്നും കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
80,000 ചതുരശ്ര അടി വിസ്‌തീർണമുള്ള കൂറ്റൻ പന്തലിന് 5,000 പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. സ്റ്റേഡിയത്തിൽ കായിക പരിപാടികളൊന്നുമില്ലാത്തതിനാൽ ഈ പന്തൽ തത്കാലം പൊളിച്ചുകളയരുത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്‌സിനേഷൻ സ്വീകരിക്കാനെത്തിയത്. പന്തൽ വാക്‌സിനേഷന് നൽകിയാൽ പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി കാണുകയും ചെയ്യാമെന്ന് കുറിപ്പിൽ പറയുന്നു.