തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളിൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയുക്ത എം.എൽ.എമാരുടെ സത്യപ്രതിജ്ഞ 24ന് നടക്കും.
പ്രോടെം സ്പീക്കറായി കുന്ദമംഗലത്തുനിന്നുള്ള അംഗം പി.ടി.എ റഹിമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു. അദ്ദേഹമാകും നിയുക്ത എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. 25ന് സ്പീക്കർ തിരഞ്ഞെടുപ്പ്. എം.ബി. രാജേഷാണ് സി.പി.എമ്മിന്റെ സ്പീക്കർ സ്ഥാനാർത്ഥി. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഈ മാസം 28ന് തന്നെ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ അതിന്റെ നന്ദിപ്രമേയ ചർച്ചയുണ്ടാകും.ജൂൺ നാലിന് പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം നടന്നേക്കും. നയപ്രഖ്യാപനത്തിന്റെ കരട് തയാറാക്കാനായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കെ.കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരടങ്ങിയ ഉപസമിതിയെ ചുമതലപ്പെടുത്തി.
മന്ത്രിമാർ ചുമതലയേറ്റു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെല്ലാം ചുമതലയേറ്റു. ഇന്നലെ വൈകിട്ട് നടന്ന ആദ്യ മന്ത്രിസഭായോഗത്തിനുശേഷമാണ് മന്ത്രിമാർ ഓഫീസുകളിലെത്തി ചുമതലയേറ്റത്. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ കൃഷ്ണൻകുട്ടിക്കും എ.കെ.ശശീന്ദ്രനും വകുപ്പ് മാറിയെങ്കിലും ഓഫീസുകൾ മാറിയില്ല. മന്ത്രിമാരെല്ലാം വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.