pinarayi-ministry

തിരുവനന്തപുരം: അമ്മ പി.ഗോമതി അമ്മയുടെ കാൽ തൊട്ട് വന്ദിച്ചാണ് സി.പി.ഐ അംഗം പി.പ്രസാദ് സത്യപ്രതിജ്ഞ ചെയ്യാനായി വേദിയിലേക്ക് നടന്നുകയറിയത്. സന്തോഷാശ്രുക്കൾ തുളുമ്പിയ കണ്ണുകളോടെ ആ അമ്മ മകൻ മന്ത്രിയാകുന്നത് കണ്ടിരുന്നു. കാെവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയവർ കുടുംബാംഗങ്ങളെയെല്ലാം കൊണ്ടുവന്നിരുന്നില്ല. പലരും ജീവിതപങ്കാളിയെ മാത്രമാണ് ഒപ്പം കൂട്ടിയത്. മന്ത്രിമാർ സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ സദസിൽ ഇരുന്ന അവരുടെ ജീവിത പങ്കാളിയെയാണ് വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്.

വേദിയിലേക്കു പോയ എല്ലാവരും കൈവീശി കാണിച്ചപ്പോൾ മുഹമ്മദ് റിയാസ് അന്തരീക്ഷത്തിലേക്ക് മുഷ്ടിചുരുട്ടി. സദസിലിരുന്ന റിയാസിന്റെ ഭാര്യയും മുഖ്യമന്ത്രിയുടെ മകളുമായ വീണ അത് മൊബൈൽ ഫോണിൽ പകർത്തി.

സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയ മുൻ മന്ത്രിമാരെ അഭിവാദ്യം ചെയ്യുന്നതിനിടെ കെ.കെ.ശൈലജയെക്കണ്ട് മുഖ്യമന്ത്രി മുഖംതിരിച്ചു നടന്നു. മുൻനിരയിലിരുന്ന കെ.ടി.ജലീലിനു നേർക്കു തൊഴുത ശേഷം അടുത്ത കസേരയ്ക്കടുത്തേക്കു നീങ്ങിയപ്പോഴാണു ശൈലജയെ കണ്ടത്. അവർ കൈകൂപ്പിയെങ്കിലും മുഖ്യമന്ത്രി മുഖം തിരിച്ചശേഷം മറ്റു വിശിഷ്ടാതിഥികൾക്കു സമീപത്തേക്കു നീങ്ങുകയായിരുന്നു.