fish

മീൻ കറി ഉഗ്രനാകണമെങ്കിൽ നല്ല ഒന്നാന്തരം ഫ്രഷ് മീൻ തന്നെ വേണം. ജീവനോടെയുള്ള ഫ്രഷ് മീനിനെ തന്നെ കറിവയ്ക്കാൻ വീട്ടിലേക്ക് കൊണ്ടുവരണമെന്നുണ്ടോ ? എങ്കിലിതാ അതിനുപറ്റിയ ഒരു തകർപ്പൻ ബാഗിനെ പരിചയപ്പെടൂ. ജപ്പാനിലെ എം എ കോർപ്പറേഷൻ എന്ന കമ്പനിയാണ് ഈ ഹൈടെക് ബാഗിന് പിന്നിൽ. ' കട്സുഗ്യോ ബാഗ് "എന്നറിയപ്പെടുന്ന ഇത് ഒരു പോർട്ടബിൾ ഫിഷ് ടാങ്കാണ്.

മീനിനെ വളർത്താൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമായി മീനിനെ കൊണ്ടുപോകാൻ ഈ ബാഗ് ഏറെ ഉപകാരപ്രദമാണ്. സാധാരണ പ്ലാസ്റ്റിക് കവറുകളെയാണ് നാം ഇതിന് അവലംബിക്കാറുള്ളത്. എന്നാൽ, കട്സുഗ്യോ ബാഗ് പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക്കിനേക്കാൾ സുരക്ഷിതവുമാണ്. നീളമുള്ള ട്യൂബിന്റെ ആകൃതിയിലുള്ള ഈ ബാഗിൽ വെള്ളം നിറച്ചാൽ മീനിനെ യഥേഷ്ടം എവിടെ വേണമെങ്കിലും കൊണ്ടുപോകാം.

ഇതിനായി സുതാര്യമായ മദ്ധ്യഭാഗത്തിന് വീതി കൂട്ടിയാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. കൈയ്യിൽ താങ്ങി നടക്കുന്നതിന് പകരം കൈയ്യിൽ പിടിക്കാൻ ഹാൻഡിലും ബാഗിലുണ്ട്. ബാഗിനുള്ളിൽ ഓക്സിജൻ അളവ് നിയന്ത്രിക്കാനുള്ള സംവിധാനവും പ്രഷർ ഗേജുമുണ്ട്. പക്ഷേ, ഈ ബാഗ് വാങ്ങാൻ ഇനിയും കാത്തിരിക്കണം. കാരണം, ഇവ ഇത് വരെ വിപണിയിലെത്തിയിട്ടില്ല. ബാഗ് എല്ലാ തരം മത്സ്യങ്ങൾക്കും അനുയോജ്യമാണോ എന്നറിയാനുള്ള പരീക്ഷണങ്ങൾ തുടരുകയാണ്.