കടലിൽ ഗ്രേറ്റ് വൈറ്റ് ഷാർകുകളെ പോലും തങ്ങളുടെ മൂർച്ചയേറിയ പല്ലുകൊണ്ട് വേട്ടയാടുന്നവയാണ് ഓർക്കകൾ അഥവാ കൊലയാളിത്തിമിംഗലങ്ങൾ ( Killer Whales ). സമുദ്രത്തിലെ ഇരപിടിയൻമാരിൽ അത്യന്തം ആക്രമണകാരികളായ കൊലയാളിത്തിമിംഗലകളുടെ പേരിൽ ' തിമിംഗലം ' എന്നുണ്ടെങ്കിലും ശരിക്കും ഡോൾഫിന്റെ കുടുംബത്തിൽപ്പെട്ടവയാണ് ഇക്കൂട്ടർ. പ്രദർശനങ്ങൾ, എക്സിബിഷൻ തുടങ്ങിയവയുടെ ഭാഗമായി 60 ഓളം കൊലയാളിത്തിമിംഗലങ്ങൾ ലോകത്തെ വിവിധ പാർക്കുകളിലും മറ്റും ഉണ്ടെന്നാണ് കണക്ക്.
ഇത്തരത്തിൽ അമേരിക്കയിലെ ഓർലാൻഡോയിലെ സീവേൾഡ് തീംപാർക്കിൽ ജീവിച്ചിരുന്ന കൊലയാളിത്തിമിംഗലമാണ് ടില്ലി. സീവേൾഡിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കില്ലർ വെയ്‌ൽ ഷോ. ട്രെയിനർമാർക്കൊപ്പം അഭ്യാസപ്രകടനങ്ങൾ കാട്ടുന്ന കൊലയാളിത്തിമിംഗലങ്ങൾ കാണികൾക്ക് അത്ഭുതമായിരുന്നു. എന്നാൽ, ഈ ഷോകളെ പറ്റിയോർക്കുമ്പോൾ ഇന്നും ഏവരുടെയും മനസിൽ ഭയം നിറയ്ക്കുന്ന ഒരു ' കൊലയാളി"യാണ് ടില്ലി.!
ആരാണ് ടില്ലി ?
1983ൽ ഐസ്‌ലൻഡിൽ നിന്നാണ് ടില്ലി എന്നറിയപ്പെടുന്ന ടിലിക്കത്തെ പിടികൂടിയത്. കാനഡയിലെ സീലാൻഡ് ഒഫ് ദ പസഫിക് അക്വാറിയത്തിലായിരുന്ന ടില്ലി 1992ലാണ് ഓർലാൻഡോയിലെ സീവേൾഡിന്റെ ഭാഗമാകുന്നത്. ഡാനിയേൽ ഡ്യൂക്ക്സ്, ട്രെയിനർമാരായ കെൽറ്റീ ബയേൺ, ഡോൺ ബ്രോൻചോ എന്നിങ്ങനെ മൂന്ന് പേരെയാണ് ടില്ലി വകവരുത്തിയത്. ക്യാപ്റ്റിവിറ്റിയിൽ കഴിഞ്ഞിരുന്ന ലോകത്തെ ഏറ്റവും നീളം കൂടിയ കൊലയാളിത്തിമിംഗലമായിരുന്നു ടില്ലി.
1991ലാണ് സീലാൻഡ് ഒഫ് ദ പസഫികിൽ വച്ച് 21 കാരിയായ കെൽറ്റിയെ ടില്ലി കൊന്നത്. ടില്ലിയുടെ കുളത്തിലേക്ക് കെൽറ്റി കാൽവഴുതി വീഴുകയായിരുന്നു. കെൽറ്റിയുടെ മരണത്തിന് പിന്നാലെ സീലാൻഡ് പൂട്ടിയതോടെയാണ് ടില്ലിയെ സീവേൾഡിൽ എത്തിച്ചത്. 1999ലാണ് ഡാനിയേൽ ഡ്യൂക്ക്സിന്റെ മരണം. ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് പാർക്കിനുള്ളിൽ കടക്കുകയായിരുന്നു.
വീണ്ടും!
2010 ഫെബ്രുവരി 24നാണ് സീവേൾഡിലെ പരിശീലകയായിരുന്ന ഡോൺ ബ്രോൻചോ എന്ന 40കാരി കൊല്ലപ്പെട്ടത്. വളരെ പരിചയസമ്പന്നയായിരുന്നു ഡോൺ. 5.4 ടൺ ഭാരം വരുന്ന ടില്ലിയ്ക്ക് 22 അടി നീളമുണ്ടായിരുന്നു. പരിപാടിയ്ക്കിടെ ടില്ലിയുടെ ടാങ്കിന്റെ കോൺക്രീറ്റ് അരികിൽ നിൽക്കുകയായിരുന്ന ഡോണിനെ കാണികളുടെ മുന്നിൽവച്ച് ടില്ലി വളരെ അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് വലിച്ചെടുത്ത് താഴേക്ക് മറയുകയായിരുന്നു.
ഡോൺ മരിച്ച് 20 മിനിറ്റുകൾക്ക് ശേഷമാണ് കുളത്തിൽ നിന്ന് മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചത്. അതുവരെ ഡോണിന്റെ മൃതദേഹം കടിച്ചുകൊണ്ട് ടില്ലി കുളത്തിൽ നീന്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
ഈ ടാങ്കിന് താഴെ ഓർക്ക ഷോ കണ്ടുകൊണ്ട് ആളുകൾക്ക് ആഹാരം കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണശാലയായിരുന്നു. ഇവിടുത്തെ ഗ്ലാസുകൾ വഴി മുകളിൽ ടാങ്കിൽ ഓർക്കകൾക്കൊപ്പം സഞ്ചരിക്കുന്ന ട്രെയിനർമാരെ ആളുകൾക്ക് കാണാം. ഡോണിനെയും കൊണ്ട് ടില്ലി വെള്ളത്തിനടിയിലേക്ക് മുങ്ങിയത് ഇവിടെയുണ്ടായിരുന്ന സന്ദർശകർ കണ്ടിരുന്നു. 16 വർഷം ടില്ലിയെ പരിശീലിപ്പിച്ചിരുന്നതാണ് ഡോൺ. എന്തുകൊണ്ടാണ് ടില്ലി ഡോണിനെ ആക്രമിച്ചതെന്ന് ഇന്നും വ്യക്തമല്ല. ടില്ലിയേയും ഡോണിനെയും ആസ്പദമാക്കി ഏതാനും ഡോക്യുമെന്ററികൾ പുറത്തിറങ്ങിയിരുന്നു.
ഒടുവിൽ !
പിന്നീട് 2011 മാർച്ചോടെ ടില്ലിയെ ഷോകളിലേക്ക് മടക്കിക്കൊണ്ടുവന്നെങ്കിലും ട്രെയിനർമാരെ ടില്ലിയ്ക്ക് സമീപത്തേക്ക് അയച്ചിരുന്നില്ല. ബാക്ടീരിയൽ ന്യുമോണിയ ബാധയെ തുടർന്ന് അവശനായ ടില്ലി 2017 ജനുവരി 6ന് 35ാം വയസിൽ വിടപറയുകയായിരുന്നു.