രാമനാട്ടുകര: പൾസ് ഓക്സി മീറ്ററിന്റെ ലഭ്യതക്കുറവ് മൂലം പ്രയാസമനുഭവിക്കുന്ന കൊവിഡ് രോഗികൾക്ക് ആശ്വാസമാവുകയാണ് രാമനാട്ടുകര ഹയർ സെക്കൻഡറി സ്‌കൂൾ. മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് രണ്ട് ദിവസം കൊണ്ട് നടത്തിയ പൾസ് ഓക്സി മീറ്റർ ചലഞ്ച് വഴി ആദ്യ ഘട്ടത്തിൽ സമാഹരിച്ച നാൽപ്പത് ഓക്സി മീറ്ററുകളാണ് ചെറുകാവ് ഗ്രാമ പഞ്ചായത്തിന് കൈമാറിയത്. ചെറുകാവ് പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് 'അതിജീവനത്തിന് ഒരു കൈതാങ്ങ് എന്ന പേരിൽ ഓക്സി മീറ്റർ ചലഞ്ച് സംഘടിപ്പിച്ചത്.
രണ്ടാം ഘട്ടത്തിൽ വാഴയൂർ ഗ്രാമ പഞ്ചായത്തിലെ 14,15 വാർഡുകളിലേക്കും സ്‌കൂളിനോട് ചേർന്നു നിൽക്കുന്ന രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിലേക്ക് കൂടി ഓക്സി മീറ്ററുകൾ കൈമാറും. രാമനാട്ടുകര ഹയർ സെക്കൻഡറി വിദ്യാലയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ചെറുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ആഷിഖ് എന്നിവർ ചേർന്ന് ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി.
സ്‌കൂൾ പ്രധാന അദ്ധ്യാപകൻ എസ്.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് പ്രതിനിധി പി. ബൈജു പദ്ധതി വിശദീകരിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് സെക്രട്ടറി ബാലകൃഷ്ണൻ, വാർഡ് മെമ്പർ പി. ഷീബ പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി. പ്രദീപ് കുമാർ, ട്രഷറർ അസറുദ്ദീൻ അമ്പേങ്ങാട്ട്, പി.ടി.എ. വൈസ് പ്രസിഡന്റ് പി. ബദറുദ്ദീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജേഷ് എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ ലോക് ഡൗൺ സമയത്ത് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്ഷ്യക്കിറ്റ് നൽകിയും, ഓൺലൈൻ പഠന സൗകര്യത്തിന് ടി.വി ചലഞ്ച് വഴി സമാഹരിച്ച 32 ടി.വികൾ നൽകിയും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ പ്രതിബദ്ധത നിറവേറ്റിയിട്ടുണ്ട് രാമനാട്ടുകര ഹയർ സെക്കൻഡറി സ്‌കൂൾ. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓക്സിജൻ സിലിണ്ടർ സമാഹരണ യജ്ഞത്തിനും പിന്തുണയേകാനുള്ള ഉദ്യമത്തിലാണ് ഈ വിദ്യാലയം.