കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽ അവകാശികളും സ്ഥാനികരും ആദ്യമായി പ്രവേശിക്കുന്ന നീരെഴുന്നള്ളത്ത് ഇന്നലെ കൊട്ടിയൂരിൽ നടന്നു. സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമ്മിപ്പിക്കും വിധമാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ നടത്തിയത്.
ഒറ്റപ്പിലാൻ കുറിച്യസ്ഥാനികന്റെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്രനടയിൽ ഇന്നലെ രാവിലെ തണ്ണീർകുടി ചടങ്ങ് നടന്നു. തുടർന്ന് ഒരു മണിയോടെ ഇക്കരെ ക്ഷേത്രത്തിൽ നിന്നും പടിഞ്ഞിറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ പുറപ്പെട്ട അഞ്ചംഗ സംഘം ബാവലി തീരത്തെ കാട്ടുവഴികളിലൂടെ നടന്ന് മന്ദംചേരി കൂവപ്പാടത്തെത്തി കൂവയില ശേഖരിച്ചു.
ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി തുടങ്ങിയവർ ഇവരെയും കാത്ത് പുഴയോരത്ത് നിലയുറപ്പിച്ചിരുന്നു.
ബാവലിയിൽ കുളിച്ച് കൂവയിലയിൽ തീർത്ഥം ശേഖരിച്ച് സംഘം അക്കരെ കൊട്ടിയൂരിലേക്ക് നടന്നു. മണിത്തറയിൽ സ്വയംഭൂവിൽ ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള സംഘം അഭിഷേകം നടത്തി.തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തി. തിടപ്പള്ളി അടുപ്പിൽ നിന്ന് ശേഖരിച്ച ഭസ്മം ശരീരത്തിൽ പൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെ കടന്നു. രാത്രി ആയില്യാർക്കാവിൽ ഗൂഢ പൂജകളും നടന്നു.
കണക്കപ്പിള്ള, നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് അക്കരെ പ്രവേശിച്ച് മണിത്തറയിലെയും അമ്മാറക്കലിലെയും കാടു നീക്കി വൃത്തിയാക്കും. ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ ബാവലിക്കെട്ടും നടത്തും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. ക്ഷേത്രത്തിലെ അടിയന്തിര ചടങ്ങുകൾ മാത്രം നടത്താനുള്ള അനുമതി കളക്ടർ നൽകിയിരുന്നു.