1

പൂവാർ: അറബിക്കടലിൽ രൂപംകൊണ്ട ടൗക്‌തേ ചുഴലിക്കാറ്റ് കേരളതീരം വിട്ടിട്ടും കേരളത്തിന്റെ ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. 23ാം തീയതിയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നതും മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധത്യയുണ്ടെന്നും കേരളത്തിൽ ശക്തമായ മഴയ്ക്ക് യാസ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ചുഴലിക്കാറ്റ് കാരണമാകുമെന്നാണുമാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തുടരുന്ന പ്രകൃതിക്ഷോഭവും കൊവിഡിന്റെ രണ്ടാം തരംഗവും തീരദേശവാസികളെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ്. കടലിൽ പോകാൻ കഴിയാത്തതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള കാശ് പോലും കൈയിലില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവർ. മത്സ്യകച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികളും വരുമാനമില്ലാതെ ഉഴലുകയാണ്. ഈ മേഖലയിലെ പലവീടുകളിലും സ്ഥലപരിമിതി കുറവായതിനാൽ വീട്ടിലെ മുഴുവൻ അംഗങ്ങളെയും ഉൾക്കൊള്ളാനോ അവർക്ക് തലചായ്ക്കാനോ ഇടമില്ലാത്ത അവസ്ഥയുമുണ്ട്. പലരും മണൽപ്പരപ്പിൽ അന്തിയുറങ്ങാറാണ് പതിവ്. ടൗക്‌തേ ചുഴലിക്കാറ്രിനെ തുടർന്ന് കടലേറ്റമുണ്ടായതിനാൽ പൊഴിയൂർ മുതൽ അടിമലത്തുറവരെയുള്ള തീരമേഖലയിൽ നിന്ന് നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കൊവിഡിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും ചൂണ്ടമുനയിൽ കഴിയുന്ന തീരദേശവാസികളെ സർക്കാർ സഹായിക്കണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ട്രിപ്പിൾ ലോക്ക്ഡൗൺ തീരദേശത്തും തുടരുകയാണ്. തീരത്തേക്കുള്ള എല്ലാ ഇടറോഡുകളും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടുണ്ട്.

 തീരദേശത്തെ പ്രശ്നങ്ങൾ

വിറപ്പിച്ച് ടൗക്‌തേ

ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്ന് പൊഴിയൂരിൽ നിരവധി വീടുകൾ തക‌ർന്നു. റോഡുകളെയും വിശാലമായ കടൽത്തീരത്തെയും കടൽ കാർന്നുതിന്നു. മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. നിലവിൽ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് പൊഴിയൂർ തീരം. പൂവാർ തീരം ഇടിഞ്ഞുതാണിട്ടുണ്ട്. സെന്റ് ബെർത്തലോമിയ ഫുട്ബാൾ ഗ്രൗണ്ട് കടലെടുത്തിട്ടുണ്ട്. പ്രദേശത്തെ വീടുകളിലും കടൽവെള്ളം അടിച്ചുകയറിയിട്ടുണ്ട്. കരുംകുളത്തും, അടിമലത്തുറയിലും ശക്തമായ മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. ചില വീടുകൾ ഭാഗികമായി തകർന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾക്കു ചുറ്റും വെള്ളക്കെട്ടുണ്ടായി. ഈ പ്രദേശങ്ങളിലെ പലരും ഇപ്പോഴും പൊഴിയൂരിലെയും അടിമലത്തുറയിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.