photo

പാലോട്: കൊവിഡ് രോഗബാധിതരായ പച്ച പാണ്ടിവിളാകത്തെ ഒരു കുടുംബത്തിലെ ഗർഭിണിക്ക് അടിയന്തരമായി എടുക്കേണ്ട ഇഞ്ചക്ഷനുള്ള മരുന്ന് പാലോട് ജനമൈത്രി പൊലീസ് ജില്ലകൾ താണ്ടി പച്ച പാണ്ടിവിളാകത്തെ വീട്ടിലെത്തിച്ചു. യുവതിയുടെ ബന്ധു പാലോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാവൽ ഗ്രൂപ്പിൽ മരുന്നുവാങ്ങാനായി യാത്രാ പാസിന് അനുമതി തേടിയതോടെയാണ് പാലോട് സി.ഐ സി.കെ. മനോജ് വിവരങ്ങൾ ആരാഞ്ഞത്. അടിയന്തരമായി വേണ്ട മരുന്നാണെന്ന് മനസിലായതോടെ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും അടൂരിൽ നിന്ന് മരുന്ന് ലഭ്യമാക്കുകയും പൊലീസ് സംഘങ്ങൾ വഴി കൈമാറിയ മരുന്ന് മൈലമൂട് വച്ച് പാലോട് പൊലീസ് ഏറ്റുവാങ്ങി. തുടർന്ന് രോഗബാധിതർ കഴിയുന്ന വീട്ടിൽ രാത്രി 8 മണിയോടെ മരുന്ന് എത്തിച്ചു. പാലോട് സി.ഐ സി.കെ. മനോജിന്റെ നിർദ്ദേശമനുസരിച്ച് എസ്.ഐ. നിസാറുദ്ദീന്റെ നേതൃത്വത്തിൽ എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ മാരായ ബിജു,രാജേഷ്,റിയാസ് എന്നിവരടങ്ങിയ സംഘമാണ് മരുന്ന് നൽകിയത്.