photo1

പാലോട്: കഴിഞ്ഞ ദിവസം ചിറയിൻകീഴ് പുളുന്തുരുത്തി കടവിന് സമീപം വൈദ്യുത ലൈനിൽ പണിയെടുക്കവെ ഷോക്കേറ്റ് മരിച്ച പെരിങ്ങമ്മല ഒഴുകുപാറ അനുപമ ഭവനിൽ ബിജുവിന്റെ (44) കുടുംബത്തിന് സാന്ത്വനത്തിന്റെ കൈത്താങ്ങുമായി ചിറയിൻകീഴ് പഞ്ചായത്ത് അധികൃതർ. ബിജുവിന്റെ രണ്ടു മക്കളുടെയും പഠനചെലവ് പഞ്ചായത്ത് ഏറ്റെടുത്തു. രണ്ടു പേരുടെയും പേരിൽ 50,000 രൂപ വീതം ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയ രേഖകൾ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, വൈസ് പ്രസിഡന്റ് സരിത എന്നിവർ കുടുംബത്തിന് കൈമാറി. നിലവിലെ ചെലവുകൾക്കായി 25,000 രൂപ ബിജുവിന്റെ ഭാര്യ സീമയ്ക്ക് നൽകുകയും ചെയ്തു. പഞ്ചായത്തംഗങ്ങളായ അബ്ദുൾ വാഹിദ്, ഷൈജ ആന്റണി, ശിവപ്രഭ, സെക്രട്ടറി വിനോദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി വ്യാസൻ എന്നിവരടങ്ങുന്ന സംഘമാണ് ബിജുവിന്റ വീട്ടിലെത്തി സഹായം കൈമാറിയത്. ബിജു 15 വർഷത്തിലേറെയായി കെ.എസ്.ഇ.ബി കരാർ തൊഴിലാളിയാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആതിരയും ഏഴാം ക്ലാസുകാരി അനുപമയുമാണ് മക്കൾ. രണ്ടു മാസം മുൻപ് പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം.