തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് മന്ത്രിപദത്തിൽ എത്തിയ അഡ്വ. ആന്റണി രാജുവിന് മനസ് നിറയെ വികസനസ്വപ്നങ്ങളാണ്. വിജയിക്കാത്ത പദ്ധതികൾക്കായി അനാവശ്യമായി പണം ചെലഴിക്കാൻ തയ്യാറല്ലെന്നും എന്ത് പദ്ധതി നടപ്പിലാക്കുമ്പോഴും ഗൃഹപാഠം ആവശ്യമാണെന്നും അടിയുറച്ച് വിശ്വസിക്കുന്ന ആന്റണി രാജു ഏറ്റെടുത്തിരിക്കുന്നത് റോഡ് ഗതാഗതം, മോട്ടോർ വാഹനവകുപ്പ്, ജലഗതാഗതം എന്നിങ്ങനെ വലിയ വെല്ലുവിളികൾ നിറഞ്ഞ വകുപ്പുകളാണ്. തന്റെ മുന്നിലുള്ള കാലം എത്ര ചെറുതാണെങ്കിലും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസം മന്ത്രിയുടെ വാക്കുകളിൽ പ്രകടം. താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ പ്രധാനപ്രശ്നങ്ങളുടെ അവയ്ക്കുള്ള പരിഹാരമാർഗങ്ങളും തന്റെ പുതിയെ ചുമതലയെക്കുറിച്ചും ആദ്യമായി 'കേരളകൗമുദി ഫ്ളാഷി"നോട് മനസുതുറക്കുന്നു.
കര സംരക്ഷണത്തിൽ ശാസ്ത്രം തോറ്റു
സബ് കളക്ടർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം തീരപ്രദേശത്തെ റിലീഫ് ക്യമ്പുകൾ കഴിഞ്ഞ ദിവസം സന്ദർശിച്ചു. ക്യാമ്പുകളെല്ലാം ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് ആവശ്യം. കടലാക്രമണത്തിൽ നിന്ന് കരയെ സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ പരാജയപ്പെട്ട സ്ഥിതിയാണ്. പുലിമുട്ടുകൾ നിക്ഷേപിച്ചു, കല്ലിട്ട് നോക്കി, ജിയോ ബാഗ് സ്ഥാപിച്ചു. ഇവയൊന്നും വിജയം കണ്ടില്ല. ഓരോ കടലിന്റെയും സ്വഭാവത്തിന് മാറ്റമുണ്ട്. തിരുവനന്തപുരത്തെ കടലിന്റെ സ്വഭാവം മനസിലാക്കാതെ മറ്റെവിടെയെങ്കിലും നടപ്പിലാക്കിയ പദ്ധതി ഇവിടെ നടപ്പിലാക്കിയതുകൊണ്ട് ഗുണമുണ്ടാകില്ല. പരാജയപ്പെട്ട പദ്ധതികൾ തന്നെ ആവർത്തിക്കാതെ പുതിയ സംവിധാനത്തെ കുറിച്ചാണ് ആലോചിക്കേണ്ടത്. തീരദേശവാസികളെ കടലിന് വിട്ടുകൊടുക്കാൻ തയ്യാറല്ല, അവരെ ഇങ്ങനെ താമസിപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതും ഉചിതമല്ല. കടൽത്തീരത്തുള്ളവരെ അകലെയല്ലാതെ മാറ്റിപ്പാർപ്പിക്കുന്ന ബൃഹത്തായ പദ്ധതിയെ കുറിച്ച് ആലോചിക്കണം. എന്നാൽ, അവർക്ക് തീരംവിട്ട് അകലെ പോയി താമസിക്കാനും ആകില്ല. അവരുടെ ജീവിതമെല്ലാം തീരത്തോട് ചേർന്നാണ്. തീരത്തിനു സമീപം തന്നെ അടിയന്തരമായി സ്ഥലം കണ്ടെത്തി ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിയെ കുറിച്ചാണ് ആലോചിക്കുന്നത്.
തമ്പാനൂർ വെള്ളക്കെട്ട് കേരളത്തിന്റെ പ്രശ്നം
തിരുവനന്തപുരം മണ്ഡലത്തിന്റെ മാത്രമല്ല കേരളത്തിന്റെ പൊതുപ്രശ്നമായി തമ്പാനൂർ വെള്ളക്കെട്ട് മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തെത്തുന്നവരുടെയെല്ലാം കേന്ദ്രമാണ് തമ്പാനൂർ. അതുകൊണ്ടുതന്നെ ഇവിടത്തെ വെള്ളക്കെട്ട് മാറ്റുകയെന്നത് പൊതു ആവശ്യമാണ്. ഓപ്പറേഷൻ അനന്ത പോലുള്ള പദ്ധതികൾക്കായി കുറേ പണം ചെലവാക്കിയെങ്കിലും ഇതുവരെ വെള്ളക്കെട്ട് മാറിയിട്ടില്ല. വെള്ളക്കെട്ട് മാറ്റാൻ സ്ഥായിയായ പദ്ധതി വേണം. ഇനിയൊരു പദ്ധതി പ്രാർത്തികമാക്കുകയാണെങ്കിൽ വേണ്ടത് വെള്ളക്കെട്ടുണ്ടാകില്ലെന്ന് ഉറപ്പുള്ള പദ്ധതിയാണ്. വെറുതേ പണം മുടക്കിയിട്ട് ആറു മാസം കഴിഞ്ഞ് വീണ്ടും പണം മുടക്കേണ്ട സാഹചര്യം ഉണ്ടാകരുത്.
ബസ് - റെയിൽ ടെർമിനൽ ഓവർ പാസ്
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിരവധി പ്രോജക്ടുകൾ തയ്യാറാക്കി വച്ചിട്ടുണ്ട്. അവയിൽ ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന ഒാവർപാസും ഉൾപ്പെടും. കേന്ദ്ര ഗവൺമെന്റും സംസ്ഥാന സർക്കാരും കോർപ്പറേഷനും സംയുക്തമായി നടത്തേണ്ട പദ്ധതികളാണവ. അടിയന്തരമായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കും.
കെ.എസ്.ആർ.ടി.സിയുടെ സ്ഥിതി മാറും
പൊതുഗതാഗതമേഖലയിൽ പ്രധാനപ്പെട്ട വിഭാഗമാണ് കെ.എസ്.ആർ.ടി.സി. ജനങ്ങളുമായി ദൈനംദിനബന്ധമുള്ളതിനാൽ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ട്രേഡ് യൂണിയനുകളെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്ത് അവരുടെ താത്പര്യങ്ങൾക്ക് കോട്ടം വരാത്തരീതിയിൽ കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താൻ കഴിയും. ഉദ്യോഗസ്ഥതല ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. തുടർന്ന് ട്രേഡ് യൂണിയനുകളുമായി എന്തൊക്കെ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും എന്നതിനെ കുറിച്ച് ആലോചിക്കും. എന്തായാലും ഇന്നത്തെ അവസ്ഥയ്ക്ക് ഒരു മാറ്റം അനിവാര്യമാണ്.
വാട്ടർ ടാക്സി നടപ്പിലാക്കും
കൂടുതൽ ബോട്ട് സർവീസ് ആരംഭിക്കുന്നതിനൊപ്പം സോളാർ ബോട്ടുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പദ്ധതി നടപ്പിലാക്കും. ദ്വീപ് പോലുള്ള ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഉപയോഗപ്രദമായ രീതിയിലേക്ക് ബോട്ട് സർവീസിനെ മാറ്രിയെടുക്കണം. ആശുപത്രിയിൽ പേകേണ്ട അടിയന്തരഘട്ടങ്ങളിൽ പുലരും വരെ ബോട്ട് കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാൻ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന നിലവിലുള്ള ആംബുലൻസ് ബോട്ട് സർവീസിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കും. കൂടാതെ റോഡിലെ ടാക്സി സർവീസ് പോലെ ജലഗതാഗതവകുപ്പിന്റെ ഭാഗമായി വാട്ടർ ടാക്സി സംവിധാനം ആരംഭിക്കും.ഡോക്ക് യാർഡുകളുടെ എണ്ണം വളരെ കുറവാണ്. ഇപ്പോൾ ആലപ്പുഴയിൽ ഒരെണ്ണമേയുള്ളൂ. ഇവയുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടതുണ്ട്.
മോട്ടോർ വകുപ്പ് ഇ-സംവിധാനത്തിലേക്ക്
പൊതുജനങ്ങൾക്ക് കൂടുതൽ സേവനം കാലതാമസമില്ലാതെ പരിഹരിക്കുന്നതിന് ഓൺലൈൻ സംവിധാനം കൂടുതൽ വിപുലമാക്കും. ലൈസൻസ്, രജിസ്ട്രേഷൻ പുതുക്കൽ, പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അങ്ങനെയായാൽ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും അഴിമതി കുറയ്ക്കാനും സാധിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ വരവ്
ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ഗുണകരമാണെങ്കിലും കുറച്ചു കൂടി പഠനം ആവശ്യമുള്ള മേഖലയാണ്. വാഹനങ്ങൾ ചാർജ് ചെയ്യാൻ ഒത്തിരി മണിക്കൂറുകൾ എടുക്കുന്നതായി പരാതി ഉയരുന്നുണ്ട്. ചാർജിംഗ് പോയിന്റുകളുടെ എണ്ണക്കുറവും പ്രശ്നമാണ്. എന്നാൽ, നാനോ ബാറ്ററികൾ ഉപയോഗിച്ച് വളരെ വേഗം ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനം ഉണ്ടെന്ന് അറിയുന്നു. വ്യക്തമായ പഠനത്തിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കൂ.