വിതുര: ലോക്ക്ഡൗൺ മൂലം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ആഹാരം എത്തിക്കുന്നതിനായി വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കിച്ചൺ പ്രവർത്തിക്കുന്നത്. ഇന്നലെ മുന്നൂറിലധികം പേർക്ക് ഭക്ഷണപൊതികൾ എത്തിച്ചു. വിതുരസർവീസ് സഹകരണബാങ്കാണ് ഇന്നലെ കിച്ചണിലേക്കാവശ്യമുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും എത്തിച്ചത്. ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി, സെക്രട്ടറി പി. സന്തോഷ്കുമാർ എന്നിവർ സാധനങ്ങൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് കമ്മ്യൂണിറ്റി കിച്ചന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, പഞ്ചായത്തംഗങ്ങളായ മേമല വിജയൻ, നീതു രാജീവ്, സന്ധ്യാ ജയൻ, മാൻകുന്നിൽ പ്രകാശ്, വിഷ്ണു ആനപ്പാറ, സുനിത, ലൗലി, ഗിരീശൻ, തങ്കമണി, സിന്ധു, സുരേന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.