1

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30ാമത് രക്തസാക്ഷിത്വ ദിനത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, റെയിൽവേ സ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും ഓട്ടോ, ടാക്‌സി തൊഴിലാളികൾ, കയറ്റിറക്കു തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർക്ക് ഫേസ് ഷീൽഡുകളും മാസ്‌കുകളും, സാനിറ്റൈസറുകളും വിതരണം ചെയ്‌തു.

തൊഴിലാളികൾക്ക് സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണമെന്നും പാൽ, പത്രവിതരണക്കാർ, നഗരസഭാ ശുചീകരണത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന് പ്രത്യേകം സജ്ജമാക്കുന്ന ക്യാമ്പുകൾ ഉടൻ ആരംഭിക്കണമെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. ചടങ്ങിൽ കെ.എം. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. എസ്. വിനോദ്, എ.എസ്. ചന്ദ്ര പ്രകാശ്, പി.ഡി. സജി, ജോയി പോങ്ങോട്, ജയൻ, ആർ.എസ്. വിമൽ കുമാർ, ഷെഫീക് തുടങ്ങിയവർ പങ്കെടുത്തു.