വർക്കല: കടലേറ്റം രൂക്ഷമാകുന്ന കാപ്പിൽ തീരത്തിന് പുലിമുട്ട് എന്ന തീരദേശ വാസികളുടെ ചിരകാല ആവശ്യം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇടവ- നടയറ കായൽ അറബിക്കടലുമായി സന്ധിക്കുന്ന പ്രകൃതിദത്ത പൊഴിമുഖമാണ് കാപ്പിൽ തീരത്തെ കാലങ്ങളായി പ്രളയക്കെടുതിയിൽ നിന്നും സംരക്ഷിച്ച് നിലനിറുത്തുന്നത്. എന്നാൽ ഏറെ പരിസ്ഥിതി ദുർബല പ്രദേശമായ കാപ്പിൽ പടിഞ്ഞാറെ തീരത്ത് കടലിനും കായലിനും മദ്ധ്യേയുള്ള ഇടത്തട്ട് ( മണൽത്തിട്ട) നാൾക്ക് നാൾ ശോഷിച്ച് വരുന്നത് തീരദേശവാസികൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇടമുറിയാതെ പെയ്ത മഴയെ തുടർന്ന് ഇടവ -നടയറ കായലിൽ വെള്ളം ക്രമാതീതമായി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെയും, റവന്യൂ അധികൃതരുടെയും നേതൃത്വത്തിൽ പ്രദേശവാസികളുടെ പിന്തുണയോടെ കാപ്പിൽ പടിഞ്ഞാറെ പൊഴിമുഖം തുറന്നു. മൺസൂണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരമൊരു മുന്നൊരുക്കം പ്രദേശത്തിന് ആശ്വാസദായകമാണ്. എന്നാൽ നെടുനീളത്തിൽ തീർത്തും ദുർബലാവസ്ഥയൽ ഇടത്തട്ട് മുറിഞ്ഞാൽ കടലും കായലും ഒന്നിക്കും. ഇത് തീരദേശ ഉൾനാടൻ പഞ്ചായത്തായ കാപ്പിൽ തീരത്തെ ഒന്നോടെ കടലെടുക്കാൻ പര്യാപ്തമാവും. കടൽക്ഷോഭത്തെ തുടർന്ന് ഉണ്ടാകുന്ന പടുകൂറ്റൻ തിരമാലകൾ മൂലം കര ഇടിഞ്ഞും അടി മണ്ണ് ഇളകിയും കടൽ ഭിത്തി ഇതിനോടകം പലയിടങ്ങളിലും നാനാവിധ പെട്ടിയിട്ടുണ്ട്.
** ഇടവ-വെറ്റകട തീരവും നാശത്തിൽ
പാപനാശം കുന്നുകളുടെ തുടർച്ചയായ ഇടവ-വെറ്റകട തീരവും കടലാക്രമണം മൂലം അരക്ഷിതാവസ്ഥയിൽ ആണ്. ഇതുവഴി ഉണ്ടായിരുന്ന തീരദേശ നടപ്പാത പതിറ്റാണ്ടുകൾക്കു മുമ്പ് കാലഹരണപ്പെട്ടു. ഈ ഭാഗങ്ങളിൽ ഉണ്ടായിരുന്ന പട്ടയഭൂമികളും റവന്യൂ ഭൂമികളും മിക്കവാറും കടലെടുത്തനിലയിലാണ്. കഴിഞ്ഞ കാലങ്ങളിൽ വിസ്‌തൃതമായ തീരം ഇത്തരത്തിൽ കടലെടുത്ത് പോയതായി തീരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. അതി രൂക്ഷമായി തുടരുന്ന കടലാക്രമണം വെറ്റകട, മലപ്പുറം ജനവാസ മേഖലയ്ക്കും ഭീഷണിയാണ്. മത്സ്യത്തൊഴിലാളികളാണ് ഇവരിലേറെയും ദുരിതമനുഭവിക്കുന്നത്.
** കടലാക്രമണത്തിൽ വള്ളവും വലയും മത്സ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന പുരകളും കടൽ എടുക്കുന്നതും പതിവാണ്.
**കാപ്പിൽ തീരം സുസ്ഥിരം അല്ലാത്തതിനാൽ കടലേറ്റത്തിൽ നഷ്ടപ്പെടുന്ന തീരം പിന്നീട് പുനഃസ്ഥാപിക്കപ്പെടുന്നില്ല.
**തീരസംരക്ഷണാർത്ഥം സർക്കാർ ആവിഷ്കരിച്ച കൃത്രിമ കണ്ടൽ പദ്ധതിയും ഹരിതതീരം പദ്ധതിയും നശിച്ചു
** പുലിമുട്ട് അനിവാര്യം
കാപ്പിൽ തീരത്തെ കടലാക്രമണം തടയാൻ കരിങ്കൽ ഭിത്തി അപര്യാപ്തമാണ് എന്നിരിക്കെ പുലിമുട്ട് പോലെയുള്ള ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ അനിവാര്യം ആവുകയാണ്. മൺസൂണിന് മുന്നോടിയായി പാറകൾ അടുക്കി പുനഃക്രമീകരിക്കുന്ന നടപടികളും വർഷങ്ങളായി തുടർന്ന് കാണുന്നില്ല. വർക്കല തീരമേഖലയിൽ തീര സംരക്ഷണത്തിനായി സർക്കാർതലത്തിൽ പ്രത്യേക പദ്ധതികൾ തയാറാക്കി നടപ്പിലാക്കുന്നതിനുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ പ്രാവർത്തികമാക്കണമെന്നാണ് തീരദേശവാസികളുടെ പൊതു അഭിപ്രായം.