angelina-jolie

ഭൂമിയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ജീവജാലങ്ങളിലൊന്നാണ് തേനീച്ച. തേനിനായി തേനീച്ചകളെ ഇണക്കി വളർത്തി വിനോദത്തിനൊപ്പം വരുമാനവും കണ്ടെത്തുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. പക്ഷേ, തേനീച്ചയുടെ കുത്തേൽക്കുന്നത് അപകടമാണ്. അതുകൊണ്ട് തന്നെ പ്രത്യേക പരിശീലനം നേടിയവരാണ് തേനീച്ചകളുമായി നേരിട്ട് ഇടപെടുന്നത്. അല്പം അപകടം പിടിച്ചതാണെങ്കിലും തേനീച്ചകൾക്കൊപ്പം മനോഹരമായ ഒരു ഫോട്ടോഷൂട്ട് നടത്തി വ്യത്യസ്തയായിരിക്കുകയാണ് ഹോളിവുഡ് നടി ആഞ്ചലീന ജോളി. ലോക തേനീച്ച ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ആഞ്ചലീനയുടെ വ്യത്യസ്ത ഫോട്ടോഷൂട്ട്. തേനീച്ചകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള ബോധവത്കരണമായിരുന്നു ഫോട്ടോഷൂട്ടിന്റെ ലക്ഷ്യം.

നാഷണൽ ജ്യോഗ്രഫിക് മാഗസിന് വേണ്ടിയാണ് ആഞ്ചലീന നൂറുകണക്കിന് തേനിച്ചകൾക്കൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്. വെള്ള നിറത്തിലെ ഓഫ് ഷോൾഡർ വസ്ത്രങ്ങളണിഞ്ഞ് ചുറ്റും തേനീച്ചകളുമായി മുഖത്ത് ഭയപ്പാടില്ലാതെ 18 മിനിറ്റാണ് ആഞ്ചലീനെ ഫോട്ടോയ്ക്കായി പോസ് ചെയ്തത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ നാഷണൽ ജ്യോഗ്രഫിക് പുറത്തുവിട്ടിരുന്നു. ഫോട്ടോഷൂട്ടിനിടെ ആഞ്ചലീനയുടെ മുഖത്ത് തേനീച്ച പറന്ന് വന്നിരിക്കുന്നത് കാണാം.

ഡാൻ വിന്റേഴ്സ് ആണ് ആഞ്ചലീനയുടെ ചിത്രങ്ങൾ പകർത്തിയത്. ആഞ്ചലീന ഒഴികെ സെറ്റിലുണ്ടായിരുന്ന എല്ലാവരും സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചിരുന്നു. തേനീച്ചകളെ ആകർഷിക്കാനായി ആഞ്ചലീനയുടെ കഴുത്തിലും മുഖത്തും ഫെറമോൺ പുരട്ടിയിരുന്നു. നേരിയ ഒരു ചലനം പോലും തേനീച്ചകളെ പ്രകോപിപ്പിക്കാമെന്നിരിക്കെ വളരെ കൂളായിട്ടുള്ള ആഞ്ചലീനയുടെ സമീപനം ഫോട്ടോഷൂട്ട് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചു. ഇറ്റാലിയൻ തേനീച്ചകളെയാണ് ഫോട്ടോഷൂട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. തേനീച്ചകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട യുനെസ്കോയുടെ പദ്ധതിയുമായി ആഞ്ചലീന ജോളി സഹകരിക്കുന്നുണ്ട്.