പാറശാല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാരോട് പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും രോഗികൾക്ക് 24 മണിക്കൂറും മരുന്നുകൾ ഉൾപ്പെടെയുള്ള സൗജന്യ സേവനങ്ങൾ ഉറപ്പാക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ നായർ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ടി. ആഗ്നസ്, സെക്രെട്ടറി, മെഡിക്കൽ ഓഫീസർ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് രോഗികൾക്കും രോഗ ലക്ഷണങ്ങളോടെ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആവശ്യമായ മരുന്നുകൾ സൗജന്യമായി മൊബൈൽ മെഡിക്കൽ യൂണിറ്റിലൂടെ വീടുകളിൽ എത്തിക്കും. കൂടാതെ കൊവിഡ് രോഗികൾക്കുള്ള ഭക്ഷണം വീടുകളിലെത്തിക്കുന്നതിന് പുറമെ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും മൊബൈൽ മെഡിക്കൽ യൂണിറ്റ് നിർവഹിക്കും. ഇതിനായി ഓരോ വാർഡിലും പത്ത് വോളന്റിയർമാരെ വീതം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്.