തിരുവനന്തപുരം: നാടിന് നൊമ്പരമായി കോവളം വെള്ളാർ സ്വദേശി പ്രതാപിന്റെ അപ്രതീക്ഷിത മരണം.
തമ്പിക്കുട്ടൻ എന്ന് വിളിക്കുന്ന വെള്ളാർ മേലെപാറക്കൂട് വീട്ടിൽ അശോകൻ - ലതിക ദമ്പതികളുടെ മകൻ പ്രതാപാണ്(26) മസ്കറ്റിൽ വച്ച് ഇക്കഴിഞ്ഞ 15ന് നിര്യാതനായത്. തലേന്ന് രാത്രിയിൽ വീട്ടുകാരോട് സംസാരിച്ച് കിടന്നുറങ്ങിയ പ്രതാപ് പിറ്റേന്ന് ഉണർന്നില്ല. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം.
മസ്കറ്റിൽ നടത്തിയ പരിശോധനയിൽ പ്രതാപിന് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടിലെത്തിക്കാൻ കഴിയാത്തതിനാൽ സോഹാറിലെ ഹിന്ദു ശ്മശാനത്തിൽ മൃതദേഹം ഇന്നലെ സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾ ബന്ധുക്കൾ ഓൺലൈനായി കണ്ടു. പ്രതാപിന്റെ അവിടത്തെ സുഹൃത്തുക്കളാണ് അതിന് സൗകര്യമൊരുക്കിയത്. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30ന് വെള്ളാറിലെ വീട്ടിൽ നടക്കും. പ്രതാപ് മസ്കറ്റിൽ ഡ്രൈവറായിരുന്നു. ശരണ്യ എ.എൽ. സഹോദരിയാണ്.