m

 19 വർഷം മുൻപ് സുന്ദർലാൽ ബഹുഗുണ തലസ്ഥാനത്തെത്തിയ ചടങ്ങിനെക്കുറിച്ച്

തിരുവനന്തപുരം: കേരളത്തിലെ 41 നദികളെ സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി പരിസ്ഥിതി പ്രവർത്തകർ നേതൃത്വം നൽകിയ 'നദീവന്ദനം" എന്ന നദീയാത്ര 19 വർഷം മുൻപ് തലസ്ഥാന നഗരിയിൽ നിന്ന് ആരംഭിക്കുമ്പോൾ ഉദ്‌ഘാടകനായി എത്തിയത് ഭാരതത്തിലെ പരിസ്ഥിതി സംരക്ഷകൻ സുന്ദർലാൽ ബഹുഗുണയായിരുന്നു. കരമനയാർ അറബിക്കടലുമായി സംഗമിക്കുന്ന തിരുവല്ലത്ത് നടന്ന പരിപാടിയിൽ അദ്ദേഹം സംസാരിച്ചതിലേറെയും മലകളെയും കാടുകളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു. ജീവിതം തന്നെ മരങ്ങളെ സംരക്ഷിക്കാനായി മാറ്റിവച്ച അദ്ദേഹത്തിന് അന്ന് പ്രായം 75 ആയിരുന്നെങ്കിലും മരങ്ങളുടെ കാര്യം പറഞ്ഞുതുടങ്ങിയതോടെ ക്ഷീണമെല്ലാം മാറിയെന്ന് സംഘാടകനും സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) ജനറൽ സെക്രട്ടറിയുമായ ഡോ.സി. സുരേഷ് കുമാർ ഓർക്കുന്നു. 19 വർഷങ്ങൾക്ക് മുൻപ് അദ്ദേഹമെത്തുമ്പോൾ സ്വീകരിക്കാൻ സുഗതകുമാരി ടീച്ചറും കവി വിഷ്ണുനാരായണൻ നമ്പൂതിരിയുമടക്കം വൻ ജനാവലിയാണ് കാത്തുനിന്നത്. കണികളെ കണ്ടതോടെ അദ്ദേഹം ആവേശത്തിലായി. നദികളെ സംരക്ഷിക്കണമെങ്കിൽ ആദ്യം സംരക്ഷിക്കേണ്ടത് മലകളെയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ മരമില്ലെങ്കിൽ മലയില്ലെന്നും എല്ലാത്തിനും അടിസ്ഥാനം മരങ്ങൾ തന്നെയാണെന്നും അദ്ദേഹം സദസിനെ ബോദ്ധ്യപ്പെടുത്തി. മൂന്ന് വർഷം മുൻപ് ഡെറാഡൂണിലെ നവധാന്യയുമായി സഹകരിച്ച് സിസ്സ സംഘടിപ്പിച്ച ഇന്റർനാഷണൽ ബയോഡൈവേഴ്‌സിറ്റി കോൺഗ്രസിൽ പങ്കെടുക്കാൻ പോയപ്പോൾ അദ്ദേഹത്തിന്റെ ഉത്തരാഖണ്ഡിലെ വീട്ടിലെത്തി കണ്ടപ്പോഴും 91ാം വയസിന്റെ അവശതയിൽ പോലും അദ്ദേഹം വളരെ ആവേശത്തിലായിരുന്നുവെന്ന് ഡോ. സി. സുരേഷ് കുമാർ ഓർക്കുന്നു. കാർഷിക സംസ്കാരത്തിൽ മാറ്റം വരുത്തണമെന്നു പറഞ്ഞ അദ്ദേഹം ട്രീ ഫാമിംഗിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്ന് സുരേഷ്‌ കുമാർ പറഞ്ഞു.