തിരുവനന്തപുരം: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയിൽ നാടാകെ ഒന്നിച്ച് പങ്ക് ചേർന്നതാണെന്നും അവർക്കൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അസംബന്ധ പ്രചാരണമാണ്. നാട്ടിൽ എന്തും വിളിച്ചുപറയാൻ തയ്യാറായി നടക്കുന്ന ചില അസംബന്ധ പ്രചാരകരുണ്ട്.തരംതാണ പ്രചാരണ മാർഗം സ്വീകരിക്കരുത്. വാർത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളാണ് ആ കുടുംബത്തിന്റെ ആളുകൾ എന്നുപറഞ്ഞു നടക്കുകയാണ് ബി.ജെ.പി നേതാക്കൾ. അവരുടെ വാക്കുകളാണ് ഇങ്ങനെ കേൾക്കുന്നത്.
ഇസ്രയേലിന്റെ നിലപാടിനോട് പൊതുവിലുള്ള വിയോജിപ്പ് നാട്ടിലും രാജ്യത്തും ഉള്ളതാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് തന്നെ പാലസ്തീന്റെ പൊതുവായ കാര്യങ്ങൾ തള്ളിക്കളയാൻ കഴിഞ്ഞോയെന്നും ഇസ്രയേലിനെ പൂർണ്ണമായും അംഗീകരിച്ച് പറയാൻ പറ്റിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.