suicide-threat

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗി സൺഷെയ്ഡിൽ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരത്തി. കൊവിഡ് വാർഡായ 28ൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കമുകിൻകുഴി സ്വദേശി രവീന്ദ്രനാണ് (58) ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കൊവിഡ് വാർഡിൽ നിന്ന് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ ഇയാൾ റാംപിലൂടെ ഒരു നില താഴെയിറങ്ങി വരാന്തയിലൂടെ നടന്ന് നീങ്ങുന്നതിനിടെ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ഏഴാം വാർഡിൽ ഓടിക്കയറി. അവിടെ നിന്ന് ജനാലവഴി പുറത്തിറങ്ങി അത്യാഹിത വിഭാഗത്തിന് മുകളിലെ സൺഷേഡിൽ ചാടി. അവിടെ നിന്ന് താഴേക്ക് ഇറങ്ങാൻ സാധിക്കാതെ മരണപ്പെട്ട അമ്മയെ കാണണമെന്ന് ആവശ്യം ഉന്നയിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽ പി.പി.ഇ കിറ്റ് ധരിച്ച് നിൽക്കുകയായിരുന്ന ജീവനക്കാർ സൺഷേഡിൽ കയറി ഇയാളെ തടഞ്ഞതോടെയാണ് ആത്മഹത്യയിൽ നിന്ന് ഇയാളെ പിന്തിരിപ്പിക്കാനായത്. ചാക്കയിൽ നിന്ന് ഫയർഫോഴ്‌സ് സേനാംഗങ്ങൾ എത്തി അനുനയിപ്പിച്ച് നിലത്തിറക്കുകയായിരുന്നു. ഇയാളെ പിന്നീട് തുടർ ചികിത്സയ്ക്കായി വാർഡിൽ തിരികെ പ്രവേശിപ്പിച്ചു.

 വിവാദങ്ങൾക്ക് നടുവിൽ ഇരുപത്തിയെട്ടാം വാർഡ്

ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന ഇരുപത്തിയെട്ടാം വാർഡ് ഈ സംഭവത്തോടെ വീണ്ടും വിവാദങ്ങൾക്ക് നടുവിലായി. കൊവിഡ് രോഗിയെ തറയിൽ കിടത്തി ചികിത്സിക്കുകയും, ദാഹജലം ചോദിച്ച മറ്റൊരു രോഗിയെ നഗ്നനായി കെട്ടിയിട്ട് ചികിത്സിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാർഡ് മുഴുവൻ നടന്ന് വീഡിയോ ചിത്രീകരിച്ചിട്ടും ഒരു ജീവനക്കാരനെപ്പോലും കാണാൻ സാധിച്ചിരുന്നില്ല. ഈ സംഭവം വിവാദമായതിന് തൊട്ടടുത്ത ദിവസമാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൊവിഡ് രോഗി പുറത്തിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഒരാഴ്ച മുമ്പ് രവീന്ദ്രന്റെ അമ്മായി മരണപ്പെട്ടിരുന്നു. കൊവിഡ് ബാധിതനായതോടെ ഉണ്ടായ മാനസിക സമ്മർദ്ദത്തിലാണ് ഇയാൾ മരണപ്പെട്ട അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് പുറത്തിറങ്ങിയത്. ഉച്ചയ്ക്ക് ഓക്സിജൻ സിലിണ്ടർ എത്തിക്കാൻ വേണ്ടി തുറന്ന വാതിലിലൂടെയാണ് ഇയാൾ പുറത്തിറങ്ങിയത്. മാനസിക ആരോഗ്യ വിദഗ്ദ്ധർ ഇയാളെ പരിശോധിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ്

ആശുപത്രി സൂപ്രണ്ട്

ഡോ.എം.എസ്.ഷർമ്മദ്