അമേരിക്കയെ പുറംലോകത്തിന് പരിചയപ്പെടുത്തി തന്ന ക്രിസ്റ്റഫർ കൊളംബസ് ശരിക്കും ഇറ്റലിയിലെ ജനോവ സ്വദേശി തന്നെയാണോ ? അതോ സ്പാനിഷ് വംശജനോ ? ഇനി അദ്ദേഹം പോർച്ചുഗീസോ ക്രൊയേഷ്യനോ പോളിഷ് വംശജനോ ആയിരുന്നോ ? ലോകപ്രശസ്തനായ ക്രിസ്റ്റഫർ കൊളംബസിന്റെ ജനനം എവിടെയാണെന്നതിന്റെ കൃത്യമായ ഉത്തരം അഞ്ച് മാസങ്ങൾക്ക് ശേഷം ലഭിക്കും. !
കഴിഞ്ഞ ബുധനാഴ്ച ഏതാനും അന്താരാഷ്ട്ര ഗവേഷകരുടെ സംഘം കൊളംബസിന്റെ മൃതദേഹാവശിഷ്ടത്തിലെ ഡി.എൻ.എ പരിശോധനകളിലൂടെ അതിനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ്. സാദ്ധ്യമായാൽ തങ്ങളുടെ പഠനത്തിന്റെ കണ്ടെത്തൽ ഒക്ടോബറിൽ പുറത്തുവിടുമെന്നാണ് ഇവർ പറയുന്നത്. 15ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊളംബസിന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ ലോകത്തിന് അറിയൂ.
സ്പെയിനിലെ സെവിയയിലെ കത്തീഡ്രലിലെ കല്ലറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ 515 വർഷങ്ങൾക്ക് മുമ്പ് മരിച്ച കൊളംബസിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തിയത് 2003ലാണ്. എന്നാൽ, ഗവേഷണത്തിന് നേതൃത്വം നൽകിയ സ്പെയിനിലെ ഗ്രനേഡ യൂണിവേഴ്സിറ്റിയിലെ സംഘം തുടർ ഗവേഷണങ്ങൾ നിറുത്തിവച്ചിരുന്നു. അന്ന് ഡി.എൻ.എ ടെക്നോളജിയിലെ കൃത്യതയും വിശ്വാസയോഗ്യതയും ഉറപ്പിക്കാൻ കൂടുതൽ ജനിതക വസ്തുക്കൾ ആവശ്യമായിരുന്നു.
എന്നാൽ ഇപ്പോൾ ഡി.എൻ.എ സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുച്ചാട്ടം ഒരു വ്യക്തിയുടെ വംശപരമ്പരകളെ കണ്ടെത്താൻ ഗവേഷകരെ സഹായിക്കും. നിലവിൽ കൊളംബസിന്റേതിന് പുറമേ അദ്ദേഹത്തിന്റെ മകൻ ഹെർനാൻഡോ, കൊളംബസിന്റെ സഹോദരൻ ഡീഗോ എന്നിവരുടെ അസ്ഥികളും ഗവേഷകരുടെ പക്കലുണ്ട്. കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.