തിരുവനന്തപുരം : അപകടകരമായ നിലയിൽ റോഡുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പഴക്കമേറിയ മരക്കൊമ്പുകൾ മഴയിൽ ഏതുനിമിഷവും ഒടിഞ്ഞുവീഴാമെന്നത് അപകട ഭീതിവർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത മഴയിൽ നിരവധി മരങ്ങളുടെ ശിഖരങ്ങളാണ് റോഡിലേക്ക് ഒടിഞ്ഞു വീണത്. പരിക്കോ ആളപായമോ ഉണ്ടാകാത്തത് ഭാഗ്യംകൊണ്ടുമാത്രമാണ്.
ത്രിപ്പിൾ ലോക്ക് ഡൗൺ കാരണം ആളുകൾ പുറത്തിറങ്ങത്തതും വാഹനയാത്രികരുടെ കുറവും ഗുണമാകുകയും ചെയ്തു. എന്നാൽ,
ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിക്കുകയും കാലവർഷം എത്തുകയും ചെയ്യുന്നതോടെ വരുംദിവസങ്ങളിൽ ഭീഷണിശക്തമാകാനാണ് സാദ്ധ്യത.
ഈ സാഹചര്യത്തിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുനീക്കിയില്ലെങ്കിൽ അപകടം സാദ്ധ്യത കൂടുതലാണ്.
തിരുവനന്തപുരം നഗരത്തിൽ തന്നെ ഇത്തരത്തിൽ അപകടകരമായ നിരവധി മരങ്ങൾ നിൽപ്പുണ്ട്. പേട്ട റെയിൽവേസ്റ്റേഷൻ റോഡിലും അപകടകരമായ നിലയിൽ മരങ്ങൾ നിൽപ്പുണ്ട്. ഇവിടെ മുമ്പ് പലപ്രാവശ്യം കൊമ്പ് ഒടിഞ്ഞുവീണ് വാഹനങ്ങൾ തകർന്നിട്ടുണ്ട്. കെ.എസ്.ഇ.ബി, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ഇവ മുറിച്ചു മാറ്റാവുന്നതാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനും പോസ്റ്റുകളും ഉൾപ്പെടെ തകരുന്ന സാഹചര്യമുണ്ടാകുമെന്നും പരിസരവാസികൾ പറയുന്നു. കാറ്റ് ശക്തമായാൽ മരങ്ങൾ നിലം പൊത്തുന്ന സ്ഥിതിയുണ്ടാകും.
രക്ഷ ഫയർഫോഴ്സ്
കാറ്റും മഴയുമെത്തിയാൽ കേരളത്തിന്റെ ഏക രക്ഷകർ ഫയർഫോഴ്സാണ്. മരം കടപുഴകി വീടുകളിൽ വീണാൽ പോലും ഫയർഫോഴ്സിനെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവരും നിരവധിയാണ്. പൊതു സ്ഥലത്ത് മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുമ്പോഴാണ് സാധാരണഗതിയിൽ ഫയർഫോഴ്സ് രക്ഷയ്ക്കായി എത്താറുള്ളത്. വൈദ്യുതി ലൈനിന് മുകളിലൂടെ വീഴുന്ന മരങ്ങളും ഫയർഫോഴ്സിന്റെ സഹായത്തോടെ മുറിച്ചുമാറ്റാറുണ്ട്.